യുദ്ധമുഖത്ത് നിന്നും വയലിൻ വായിച്ച് യുക്രെയിൻ സൈനികൻ, ലക്ഷങ്ങൾ കണ്ട് വികാരനിർഭരമായ വീഡിയോ

Sunday 25 September 2022 11:04 PM IST

റഷ്യ-യുക്രെയിൻ സംഘർഷം എഴാം മാസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പിടിച്ചെടുത്ത പല പ്രദേശങ്ങളിൽ നിന്നും റഷ്യൻ സൈന്യം പിൻമാറിയെങ്കിലും അത് അന്തിമമല്ല എന്ന് വ്യക്തമായ സൂചന നൽകുന്ന വാർത്തകളാണ് ഇപ്പോൾ റഷ്യയിൽ നിന്നും ലഭിക്കുന്നത്. റഷ്യൻ പ്രസിഡന്റായ വ്ളാഡിമർ പുടിൻ റിസർവ് സൈനികരോട് യുദ്ധത്തിന് തയ്യാറാകാൻ ഉത്തരവ് പുറപ്പെടുവിച്ചത് റഷ്യ-യുക്രെയിൻ സാഹചര്യം ഇനിയും വ്യതിചലിക്കും എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. കടന്നുകയറ്റത്തിന്റെ ആദ്യ നാൾ മുതൽ യുക്രെയിൻ ജനത ഒന്നാകെ ശക്തമായ പ്രതിരോധമാണ് കാഴ്ച വെച്ചത്. റഷ്യൻ സൈന്യം ഉപേക്ഷിച്ചു പോയ ടാങ്കുകളും മറ്റും ട്രാക്ടറുകളിൽ കെട്ടിവലിച്ചു കൊണ്ട് പോകുന്നതടക്കമുള്ള നിരവധി ദൃശ്യങ്ങൾക്ക് ലോകമെമ്പാടുമുള്ള ആളുകൾ സോഷ്യൽ മീഡിയ വഴി സാക്ഷിയായിരുന്നു. എന്നാൽ യുദ്ധമുഖത്ത് നിന്നുള്ള ഒരു സൈനികന്റെ വീഡിയോ ആണ് പ്രതീക്ഷയുടെ കിരണമെന്നോണം ഇപ്പോൾ യുക്രെയിനിൽ നിന്നും പ്രചരിക്കുന്നത്.

യൂണിഫോമിൽ വയലിൻ തന്ത്രികൾ മീട്ടുന്ന യുക്രെയിൻ സൈനികന്റെ വീഡിയോ യുക്രെയിൻ ആഭ്യന്തരകാര്യ മന്ത്രിയായ ആന്റൺ ഗെരാഷ്ചെങ്കോ ആണ് ട്വിറ്റർ വഴി പോസ്റ്റ് ചെയ്തത്. തെരുവ് സംഗീതജ്ഞനായ മൊയ്സി ബൊണ്ടാരെങ്കോ ആണ് വീഡിയോയിൽ ഉള്ള സൈനികൻ. റഷ്യയുടെ കടന്നുകയറ്റത്തിൽ തന്റെ രാജ്യത്തെ സേവിക്കാനായി അടുത്തിടെയാണ് ഇയാൾ സൈനിക കുപ്പായമണിഞ്ഞ് തുടങ്ങിയത്.

ഏറെ വികാരനിർഭരമായാണ് പലരും ട്വിറ്റർ വഴി പ്രചരിക്കുന്ന വീഡിയോ കണ്ടത്. യുദ്ധത്തിന് ശേഷവും അയാൾ വയലിൻ സംഗീതം പൊഴിക്കട്ടെ എന്നും യുക്രെയിനെ യുദ്ധത്തിൽ നിന്ന് സ്വതന്ത്രമാക്കാൻ സൈന്യത്തിന്റെ ഭാഗമായത് ഒരു സംഗീതജ്ഞനെ സംബന്ധിച്ച് വീരോചിതമാണെന്നും അടക്കം ആളുകൾ വീഡിയോയ്ക്ക് പ്രതികരണമറിയിക്കുന്നുണ്ട്. 4.3 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ട് കഴി‌ഞ്ഞ വീഡിയോയ്ക്ക് 24,000 അധികം ലൈക്കുകളും ഒരു ദിവസത്തിനുള്ളിൽ ലഭിച്ച് കഴിഞ്ഞു.