ക്രിക്കറ്റ് വിരുന്നൊരുക്കാനെത്തിയ താരങ്ങൾക്ക് കൊതിയൂറും വിഭവങ്ങളൊരുക്കി ഷെഫ് സജി

Sunday 25 September 2022 11:07 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിക്കറ്റ് വിരുന്നാെരുക്കാനെത്തിയ ടീമുകൾക്ക് അത്യുഗ്രൻ ഭക്ഷണമൊരുക്കുന്നത് കോവളം ലീലയിലെ ഷെഫ് ഇൻ ചാർജും പത്തനാപുരം സ്വദേശിയുമായ സജി തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഷെഫ് സംഘം. 24 പേരടങ്ങുന്ന സംഘത്തിനാണ് ടീമുകളുടെ ഭക്ഷണത്തിന്റെ ചുമതല. ടീമുകളുടെ ആവശ്യം അറിഞ്ഞ് പ്രത്യേകം വിഭവങ്ങളാണ് ഒരുക്കുന്നത്. ജൈവ പച്ചക്കറിയിൽ ഒരുങ്ങുന്ന വിഭവങ്ങളാണ് ഇരുടീമിന്റെയും ഇഷ്ടഭക്ഷണങ്ങളിലൊന്ന്. ദക്ഷിണാഫ്രിക്കൻ ടീമിന് സലാഡ് വിഭവങ്ങളാണ് ഇന്നലെ നൽകിയത്.

ഇതിനൊപ്പം ഇറ്റാലിയൻ പാസ്തയും താരങ്ങൾ കഴിച്ചു. വിശ്രമത്തിനും നീന്തൽ അടക്കമുള്ള വിനോദങ്ങൾക്കുമാണ് ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ സമയം ചെലവിട്ടത്. ഇന്നലെ പരിശീലനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രാക്ഷീണം കാരണം ഒഴിവാക്കി. കൂടുതൽ പേരും ഏറെ സമയവും മുറികളിലായിരുന്നു. ഡി കോക്ക് അടക്കമുള്ളവർ മുൻനിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും നൽകി. പ്രോട്ടീൻ അധികമുള്ള ഭക്ഷണങ്ങളാണ് ഇന്ത്യൻ ടീം ആവശ്യപ്പെട്ടിരിക്കുന്നത്. പുറമെ മീൻ വിഭവങ്ങളും താരങ്ങളുടെ തീൻമേശയിൽ ഇടംപിടിക്കും. അഷ്ടമുടിക്കായൽ, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള ഏറ്റവും ഫ്രഷ് ആയ ടൈഗർ പ്രോൺസ്, മഡ് ക്രാബ്, ലോബ്സ്റ്റർ എന്നീ വിഭവങ്ങൾ, കാഞ്ഞിരോട്ടു കായലിലെ കരിമീൻ, ചെമ്പല്ലി എന്നിവയും ഇന്ത്യൻ ടീമിന്റെ ഇഷ്ട വിഭവങ്ങളാണ്. മത്സ്യ, മാംസ വിഭവങ്ങൾ സമന്വയിപ്പിച്ചുള്ള ഭക്ഷണവും ഇന്ത്യൻ താരങ്ങളുടെ മെനുവിലുണ്ട്. തേങ്ങാ വറുത്തരച്ച കോഴിക്കറി ഉൾപ്പെടെയുള്ള സൗത്ത് ഇന്ത്യൻ വിഭവങ്ങളും നോർത്ത് ഇന്ത്യൻ രുചിക്കൂട്ടുകളും ഇതിനൊപ്പം സജ്ജമാക്കും. യുറോപ്യൻ, അറബ് രാജ്യങ്ങളിൽ 30 വർഷത്തിലേറെ വൻകിട ഹോട്ടലുകളിൽ പരിചയ സമ്പത്തുള്ളയളാണ് സജി തങ്കച്ചൻ. ദക്ഷിണാഫ്രിക്കയുടേയും ഇന്ത്യയുടേയും താരങ്ങളെയടക്കം നേരിട്ട് പരിചയമുള്ള സജി ഇവർക്കായി നേരത്തെയും ഭക്ഷണമൊരുക്കിയിട്ടുണ്ട്.

ഇരുടീമിനും നൽകേണ്ട ഭക്ഷണ ക്രമം സംബന്ധിച്ച ഒരു ഗൈഡ് ലൈൻ ബി.സി.സി.ഐ നൽകിയിട്ടുണ്ട്. താരങ്ങളുടെ ഇഷ്ട വിഭവങ്ങളടക്കമാണിത്.

ഷെഫ് സജി തങ്കച്ചൻ