വിദ്യാർത്ഥിനിയുടെ യൂണിഫോം അഴിപ്പിച്ച് കഴുകി അദ്ധ്യാപകന് സസ്പെൻഷൻ

Monday 26 September 2022 12:22 AM IST

ഭോപ്പാൽ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ വൃത്തിഹീനമായ യൂണിഫോം മറ്റു കുട്ടികളുടെ മുമ്പിൽ വച്ച് അഴിപ്പിച്ച് കഴുകിയതിന് മദ്ധ്യപ്രദേശ് ഷാഹ്ദോളിലെ സർക്കാർ സ്കൂൾ അസിസ്റ്റന്റ് അദ്ധ്യാപകന് സസ്പെൻഷൻ. പത്ത് വയസുള്ള ആദിവാസി പെൺകുട്ടിയുടെ യൂണിഫോം വൃത്തിഹീനമായി കണ്ട ശ്രാവൺ കുമാർ ത്രിപാഠി എന്ന അദ്ധ്യാപകൻ വസ്ത്രം അഴിപ്പിച്ച് കഴുകുകയായിരുന്നു. യൂണിഫോം ഉണങ്ങുന്നതുവരെ ഏതാണ്ട് രണ്ടര മണിക്കൂർ അർദ്ധ നഗ്നാവസ്ഥയിലായിരുന്നു പെൺകുട്ടി. മാത്രമല്ല, സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും ഡിപ്പാർട്ട്മെന്റൽ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പങ്കിട്ട അദ്ധ്യാപകൻ വൃത്തിയുടെ സന്ദേശ വാഹകൻ എന്ന രീതിയിൽ സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.

സംസ്ഥാന ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ജയ്സിംഗ് നഗറിലെ പൗഡിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വൃത്തി കുറഞ്ഞ യൂണിഫോം ധരിച്ച് സ്കൂളിലെത്തിയ പെൺകുട്ടിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട അദ്ധ്യാപകൻ വെള്ളവും സോപ്പുപൊടിയും കൊണ്ടുവരാൻ മറ്റു വിദ്യാർത്ഥികളോടു പറയുകയും തുടർന്ന് യൂണിഫോം കഴുകുകയുമായിരുന്നു. മറ്റു വിദ്യാർത്ഥികളുൾപ്പെടെ നോക്കിനിൽക്കെയാണ് അദ്ധ്യാപകൻ യൂണിഫോം കഴുകിയത്. വിദ്യാർത്ഥികൾക്ക് ശുചിത്വ സന്ദേശം നൽകാനുള്ള മാർഗമാണെന്നു പറഞ്ഞ് ഇതിന്റെ ഫോട്ടോകളും വീഡിയോയും ഗ്രൂപ്പിൽ പങ്കിടുകയായിരുന്നു. ഈ ചിത്രങ്ങൾ വൈറലായതോടെ രോഷാകുലരായ ഗ്രാമവാസികൾ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെയും അദ്ധ്യാപകൻ വിവാദ നടപടികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

പ്രശ്നത്തിന്റെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് അന്വേഷണ വിധേയമായി അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തതായി ഷാഹ്ദോൾ ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മിഷണർ ആനന്ദ് റായ് സിംഗ് പറഞ്ഞു. വീഡിയോയും ഫോട്ടോയും പ്രഥമ ദൃഷ്ട്യാ സസ്പെൻഷൻ ചെയ്യാനുള്ള തെളിവുകളാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നീലം സിംഗിനോട് ആവശ്യപ്പെട്ടെന്നും റി്പ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ധ്യാപകൻ വ്യക്തമാക്കി.