മോദി പറഞ്ഞു, മഞ്ജു അറിയുംമുമ്പ് ലോകം കേട്ടു,​  ഭിന്നശേഷിക്കാരിയായ മലയാളി മൻ കി ബാത്തിൽ

Sunday 25 September 2022 11:29 PM IST

ആലപ്പുഴ: പ്രധാനമന്ത്രി​യുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിൽ തന്റെ പേര് പരാമർശിച്ചു എന്നറിഞ്ഞതിന്റെ അമ്പരപ്പ് മാറിയിട്ടില്ല ബധിരയായ മഞ്ജുവിന്. ആംഗ്യഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവേയാണ് നരേന്ദ്രമോദി ചേർത്തല സ്വദേശിയും ഡൽഹി ഇന്ത്യൻ സൈൻ ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ ഡിപ്ലോമ വിദ്യാർത്ഥിയുമായ മഞ്ജു രാജുവിനെ(22) പരാമർശിച്ചത്. പ്രധാനമന്ത്രിക്ക് വിവരം കൈമാറിയത് ആരെന്ന് മഞ്ജുവിന് അറിയില്ല. പഠിക്കുന്ന സ്ഥാപനം വഴിയാകാമെന്നാണ് അനുമാനം.

ബധിര ദമ്പതികളായ ചേർത്തല പട്ടണക്കാട് കരിക്കശ്ശേരിൽ ഇലക്ട്രീഷ്യനായ ടി.വി. രാജുവിന്റെയും സ്പെഷ്യൽ സ്കൂൾ വർക്കറായ സുജ മോളുടെയും മൂത്ത മകളാണ് മഞ്ജു. സഹോദരൻ മനുവും ജന്മനാ ബധിരനാണ്.

തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലാണ് (നിഷ്) സ്പെഷ്യൽ ബി. കോം പൂർത്തിയാക്കിയത്. കലയിലും കായിക രംഗത്തും അതീവ താത്പര്യമുള്ള വിദ്യാർത്ഥിയായിരുന്നു മഞ്ജുവെന്ന് നിഷിലെ അദ്ധ്യാപിക ചിത്ര പ്രസാദ് ഓർമ്മിക്കുന്നു. പഠനത്തിലടക്കം പ്രകടിപ്പിച്ചിരുന്ന അതേ മുന്നേറ്റവും തന്റേടവുമാണ് ഡൽഹിയിൽ ഒറ്റയ്ക്ക് പോയി കോഴ്സ് ചെയ്യാൻ പരിമിതികൾ മഞ്ജുവിന് തടസമാകാതിരുന്നതും.

മോദി പറഞ്ഞത്

ബധിരയായ മഞ്ജു ആംഗ്യഭാഷ പഠിപ്പിക്കാൻ ശ്രമിക്കുന്നത് അഭിനന്ദനാർഹമാണ്. അവളുടെ അച്ഛനും അമ്മയും സഹോദരനും ബധിരരായതിനാൽ ആംഗ്യഭാഷ മാത്രമാണ് മഞ്ജുവിന്റെ വീട്ടിലെ ആശ്രയം.

മഞ്ജുവിന്റെ ലക്ഷ്യം

സംസാരഭാഷയെ ആംഗ്യഭാഷയിലേക്ക് വ്യാഖ്യാനി​ക്കുന്ന ഇന്റർപ്രെട്ടർമാരുടെ കുറവാണ് തന്നെ ഈ മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് മഞ്ജു പറയുന്നു. പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കാനാവത്തതിന് പ്രധാന കാരണം ഇന്റർപ്രെട്ടർമാരുടെ കുറവാണ്. ഈ കുറവ് നികത്തുക എന്ന വലിയ ലക്ഷ്യമാണ് ടീച്ചർ ട്രെയിനിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയായ മഞ്ജുവിന്റെ മനസിലുള്ളത്.