ഭീകരരെ രക്ഷിച്ചാൽ  കൊടിയ നാശം,​ യു.എൻ പൊതുസഭയിൽ തുറന്നടിച്ച്  ഇന്ത്യൻ  വിദേശകാര്യമന്ത്രി  ജയശങ്കർ

Sunday 25 September 2022 11:33 PM IST

 വിമർശനം പാകിസ്ഥാനെയും
ചൈനയെയും ഉന്നംവച്ച്

യു. എൻ: രാഷ്‌ട്രീയത്തിന്റെ പേരിൽ കൊടും ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങളെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഐക്യരാഷ്‌ട്ര പൊതുസഭയിൽ നിശിതമായി വിമർശിച്ചു. പാകിസ്ഥാനെയും ചൈനയെയും ഉന്നമിട്ടായിരുന്നു പരാമർശങ്ങൾ. പ്രഖ്യാപിത ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങൾ സ്വന്തം നാശത്തിനാണ് കളമൊരുക്കുന്നതെന്ന് ഇരു രാജ്യങ്ങളുടെയും പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ലഷ്‌കർ ഭീകരൻ സാജിദ് മിറിനെതിരെ ഉപരോധം പ്രഖ്യാപിക്കാൻ യു. എൻ. രക്ഷാസമിതിയിൽ ഇന്ത്യയും അമേരിക്കയും ചേർന്ന് കൊണ്ടുവന്ന പ്രമേയം ചൈന വീറ്റോ ചെയ്‌തിരുന്നു. പാകിസ്ഥാനുമായി ഒത്തുകളിച്ച ചൈന മിറിനെ കരിമ്പട്ടികയിൽ പെടുത്താനും വിസമ്മതിച്ചിരുന്നു. അതാണ് മന്ത്രി പരോക്ഷമായി പരാമർശിച്ചത്.

രക്ഷാസമിതിയിൽ പരിഷ്‌കാരങ്ങൾ വേണമെന്നും ജയശങ്കർ നിർദ്ദേശിച്ചു. തങ്ങളുടെ ഭാവി ചർച്ചചെയ്യുന്ന രക്ഷാസമിതിയിൽ ചില രാജ്യങ്ങൾക്ക് പ്രാതിനിദ്ധ്യം ഇല്ലാത്തത് അനീതിയാണ്. രക്ഷാസമിതിയുടെ രീതികൾ കാലത്തിന് നിരക്കാത്തതാണ്. രക്ഷാസമിതി പരിഷ്കാരങ്ങൾക്കുള്ള ചർച്ച അനന്തമായി നീട്ടരുത്. (രക്ഷാസമിതിയിൽ ഇന്ത്യയുടെ രണ്ടു വർഷത്തെ താൽക്കാലിക അംഗത്വം തീരാൻ ആറ് മാസം കൂടിയുണ്ട്.)​

യുക്രെയിൻ :ഇന്ത്യ

സമാധാന പക്ഷത്ത്

യുക്രെയിൻ - റഷ്യ സംഘർഷത്തിൽ ഇന്ത്യ,​ യു. എൻ തത്വങ്ങൾ മാനിക്കുന്നവരുടെയും സമാധാനത്തിന്റെയും പക്ഷത്താണ്. അവിടെ ഉറച്ചു നിൽക്കും. ഭക്ഷ്യ സാധനങ്ങൾക്കും ഇന്ധനത്തിനും മറ്റും വിലകൂടുന്നതു കാരണം ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാണ് ഇന്ത്യ. ചർച്ചയും നയതന്ത്രവും മാത്രമാണ് സംഘർഷം അവസാനിപ്പിക്കാനുള്ള വഴിയെന്നും റഷ്യയുടെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.

ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് പറഞ്ഞിരുന്നു. അത് ആവർത്തിച്ച ജയശങ്കർ,​ ഇത് വികസനത്തിനും സഹകരണത്തിനുമുള്ള അവസരമാണെന്നും പറഞ്ഞു.

ലോകത്തിന്റെ ശ്രദ്ധ യുക്രെയിനിൽ ആയിരുന്നപ്പോൾ ഇന്ത്യ അയൽപക്കങ്ങളിൽ ജീവകാരുണ്യപരമായ വെല്ലുവിളികൾ നേരിടുകയായിരുന്നു. അഫ്ഗാനിസ്ഥാന് 50,​000 ടൺ ഗോതമ്പും,​ മരുന്നും ശ്രീലങ്കയ്‌ക്ക് 380 കോടി ഡോളറിന്റെ സഹായവും മ്യാൻമറിന് 10,​000 ടൺ ഭക്ഷ്യ സാധനങ്ങളും മരുന്നും നൽകി. നൂറിലേറെ രാജ്യങ്ങൾക്ക് വാക്സിൻ എത്തിച്ചു.

കാലാവസ്ഥാ വ്യതിയാനം നേരിടാൻ അന്താരാഷ്‌‌ട്ര സോളാർ സഖ്യം പോലുള്ള ഇന്ത്യയുടെ ദൗത്യങ്ങളും ജയശങ്കർ വിശദീകരിച്ചു. വരുന്ന ഡിസംബർ 1ന് ഇന്ത്യ ജി-20 ഗ്രൂപ്പിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുകയാണ്. അന്താരാഷ്‌ട്ര കടം,​ സാമ്പത്തിക വളർച്ച,​ ഭക്ഷ്യ - ഊർജ്ജ സുരക്ഷ,​ പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ജി - 20 രാഷ്‌ട്രങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കും.

ഇന്ത്യയുടെ പ്രതിജ്ഞകൾ

ദീ‌ർഘ വീക്ഷണമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. രാഷ്‌ട്രപുരോഗതിക്കായി എടുത്ത അഞ്ച് പ്രതിജ്ഞകളും അദ്ദേഹം ആവർത്തിച്ചു.

ഇരുപത്തിയഞ്ച് വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കും.

കൊളോണിയൽ സ്വാധീനങ്ങളിൽ നിന്ന് പൂർണമായും മുക്തമാകും

രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ അടിയുറച്ച് നിൽക്കും

ഭീകരപ്രവർത്തനം,​ മഹാമാരി പോലുള്ള പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ ലോകത്ത് ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കും

സഹരാഷ്‌ട്രങ്ങളെ സഹായിച്ച് കടമകൾ നിറവേറ്റും.

ര​ക്ഷാ​സ​മി​തി​:​ഇ​ന്ത്യ​യെ
പി​ന്തു​ണ​ച്ച് ​റ​ഷ്യ

യു.​എ​ൻ​ ​ര​ക്ഷാ​സ​മി​തി​യ​ൽ​ ​ഇ​ന്ത്യ​ ​സ്ഥി​രാം​ഗ​മാ​കു​ന്ന​തി​ന് ​പി​ന്തു​ണ​യ​റി​യി​ച്ച് ​റ​ഷ്യ.​ ​'​ ​ആ​ഫ്രി​ക്ക,​ ​ഏ​ഷ്യ,​ ​ലാ​റ്റി​ൻ​ ​അ​മേ​രി​ക്ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​കൂ​ടു​ത​ൽ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ്രാ​തി​നി​ദ്ധ്യ​ത്തി​ലൂ​ടെ​ ​ര​ക്ഷാ​സ​മി​തി​യി​ൽ​ ​കൂ​ടു​ത​ൽ​ ​ജ​നാ​ധി​പ​ത്യം​ ​ന​ട​പ്പാ​ക്ക​ണം.​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​സ്വാ​ധീ​ന​മു​ള്ള​ ​ഇ​ന്ത്യ​യെ​യും​ ​ബ്ര​സീ​ലി​നെ​യും​ ​സ്ഥി​രാം​ഗ​ത്വ​ത്തി​ന് ​പ​രി​ഗ​ണി​ക്ക​ണം​ ​-​ ​യു.​എ​ൻ​ ​പൊ​തു​സ​ഭ​യി​ൽ​ ​റ​ഷ്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​സെ​ർ​ജി​ ​ലാ​വ്‌​റോ​വ് ​പ​റ​ഞ്ഞു.​ ​അ​മേ​രി​ക്ക​യും​ ​ഇ​ന്ത്യ​യെ​ ​പി​ന്തു​ണ​ച്ചി​രു​ന്നു.

Advertisement
Advertisement