ദീപങ്ങൾ മിഴിതുറന്നു: ഇനി ആഘോഷ രാവുകൾ
കണ്ണൂർ: മൈസൂർ ദസറയെപ്പോലെ ഏറെ വർണാഭമായിരുന്ന കണ്ണൂർ നഗരത്തിന്റെ നവരാത്രി ആഘോഷങ്ങൾ തിരിച്ചുവരുന്നു. നഗരത്തിലെ കോവിലുകളിലും ക്ഷേത്രങ്ങളിലും ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും.
വിശേഷാൽ പൂജകളും കലാപരിപാടികളും കണ്ണൂർ നഗരത്തെയും ജില്ലയിലെ മറ്റ് ഗ്രാമനഗരങ്ങളെയും ആത്മീയ നിർവൃതിയിലാറാടിക്കും. പഴയകാല പ്രൗഢി തിരിച്ചുകൊണ്ടുവരുവാനായി കോവിലുകളും ക്ഷേത്രങ്ങളും നവരാത്രി ഉത്സവങ്ങൾക്ക് ദിവസങ്ങളായി ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ കണ്ണൂർ ദസറയെന്ന പേരിലും ഒമ്പതുദിവസം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ നഗരം ദീപാലങ്കാര പ്രഭയിലും സംഗീതത്തിലും അലിയും. കണ്ണൂർ മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ, കാഞ്ചികാമാക്ഷി അമ്മൻ കോവിൽ, ശ്രീകൃഷ്ണൻ കോവിൽ തുടങ്ങിയ കോവിലുകളിൽ നവരാത്രി ദിനങ്ങളിൽ സംഗീതാർച്ചനയടക്കം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, തലശ്ശേരി ജൂബിലി റോഡിലെ ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം, പാനൂർ പൂക്കോം ചോക്കിലോട്ട് മൊയ്‌ലോം ശിവക്ഷേത്രം, ചിറക്കര കുഴിപ്പങ്ങാട് ഭഗവതി ക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം തുടങ്ങിയ ജില്ലയിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെല്ലാം നവരാാത്രി ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.