ചീറ്റകൾക്ക് പേരിടാൻ മോദിയുടെ നിർദ്ദേശം

Monday 26 September 2022 1:05 AM IST

ചണ്ഡിഗഢ് എയർപോർട്ടിന് ഭഗത് സിംഗിന്റെ പേര്

ന്യൂഡൽഹി:നമീബിയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികൾക്ക് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേരുന്ന പേരുകൾ നിർദ്ദേശിക്കാൻ മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.

ചീറ്റപ്പുലികൾ രാജ്യത്ത് വീണ്ടും എത്തിയതിൽ ഇന്ത്യക്കാർ സന്തുഷ്ടരാണ്. ഇത് ഇന്ത്യയുടെ പ്രകൃതി സ്നേഹത്തിന് ഉദാഹരണമാണ്. ചീറ്റകളെ എപ്പോൾ കാണാൻ പറ്റുമെന്ന് എല്ലാവരും ചോദിക്കുന്നു. ചീറ്റകൾ ഇവിടത്തെ പരിതസ്ഥിതിയോട് എത്രമാത്രം ഇണങ്ങിയെന്ന് നിരീക്ഷിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കും. തുടർന്ന് ജനങ്ങൾക്ക് ചീറ്റകളെ കാണാം.

പേരിടാൻ മത്സരം

ചീറ്റകളെ കാണുന്നത് വരെ ജനങ്ങളെ ഒരു ജോലി എല്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. mygov. പ്ലാറ്റ്ഫോമിൽ ഒരു മത്സരം. ചീറ്റപ്പുലികളുമായി ബന്ധപ്പെട്ട പ്രചാരണത്തിന് എന്ത് പേരിടണം? ഓരോ ചീറ്റയെയും ഏത് പേരിൽ വിളിക്കണം? നമ്മുടെ പാരമ്പര്യത്തിന് ചേർന്ന പേരായിരിക്കണം. മനുഷ്യർ മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്നും നിർദ്ദേശിക്കണം. മത്സരത്തിന്റെ സമ്മാനമായി ആദ്യം ചീറ്റകളെ കാണാൻ അവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദീനദയാൽ ചതോപാദ്ധ്യായയുടെ ജന്മദിനമാണ് സെപ്തംബർ 25. ഏകാത്മക മാനവ ദർശനത്തിലൂടെ മനുഷ്യരെ തുല്യരായി കാണുന്ന ഭാരതീയ ദർശനം ലോകത്തിന് മുന്നിൽ അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. സെപ്തംബർ 28 ശഹീദ് ഭഗത്‌സിംഗിന്റെ ജന്മദിനമാണ്. ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത്‌സിംഗിന്റെ പേര് നൽകുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർക്കുള്ള നമ്മുടെ ആദരാഞ്ജലിയാണത്.

ആംഗ്യഭാഷയിലൂടെ മഞ്ജു

ജീവിത പോരാട്ടത്തിൽ വേദനിക്കുന്നവർക്ക് ഒന്നും തടസമാവില്ല. കേൾക്കാനും സംസാരിക്കാനും കഴിയാത്തവർക്ക് ആംഗ്യ ഭാഷയാണ് ആശ്രയം. കേരളത്തിലെ മഞ്ജുവിനും ആംഗ്യ ഭാഷ ഏറെ ഗുണം ചെയ്തു. മഞ്ജുവിന് ജന്മനാ കേൾവി ഇല്ലായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കളുടെ സ്ഥിതിയും അതായിരുന്നു. ആംഗ്യഭാഷയാണ് ആ കുടുംബത്തിന് ആശയ വിനിമയ ഉപാധിയായിത്. മഞ്ജു ആംഗ്യ ഭാഷ അദ്ധ്യാപികയാവാനും തീരുമാനിച്ചു. 2015 ലാണ് ഇന്ത്യൻ ആംഗ്യഭാഷ പരിശീലന കേന്ദ്രം തുടങ്ങിയത്. പതിനായിരം വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഒരു നിഘണ്ടു ഈ സ്ഥാപനം തയ്യാറാക്കിയതിൽ സന്തോഷമുണ്ട്.

വോക്കൽ ദി ലോക്കൽ കാമ്പയിൻ ശക്തമാക്കണം.ഖാദി, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവയ്ക്കൊപ്പം ലോക്കൽ സാധനങ്ങളും വാങ്ങണം. സെപ്തംബർ 29 മുതൽ ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളിക്കാരുടെ ഇടയിൽ താനുമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.