കണ്ണൂർ കെ.എസ്.ആർ.ടി.സിക്ക് ഹർത്താലിൽ നഷ്ടം ₹ 70,000

Monday 26 September 2022 12:07 AM IST

കണ്ണൂർ: കഴിഞ്ഞ ദിവസം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണ്ണൂർ കെ.എസ്.ആർ.ടി.സിക്ക് 70,​000 രൂപയുടെ നഷ്ടം. സംസ്ഥാനത്ത് എഴുപതോളം ബസുകൾ ഹർത്താലിൽ അഴിഞ്ഞാടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലെറിഞ്ഞും പെട്രോൾ ബോംബെറിഞ്ഞും തകർത്ത് ട്രാൻസ്പോർട്ട് കോർപറേഷന് അമ്പതു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് വരുത്തിയത്. ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറക്കാൻ വകുപ്പ് തലത്തിൽ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും അപകടസാധ്യത മുൻകൂട്ടി കണ്ട് കണ്ണൂർ ഡിപ്പോയിൽ നിന്നും ഹർത്താൽ ദിവസം കൂടുതൽ സർവീസ് നടത്താതിരുന്നതിനാലാണ് കണ്ണൂരിൽ നഷ്ടം താരതമ്യേന കുറഞ്ഞത്.

എന്നാൽ കൊട്ടരക്കരയിൽ നിന്നും കൊല്ലൂരിലേക്കുള്ള കെസ്വിഫ്റ്റ് ബസ് വളപട്ടണത്തും ഇരിട്ടി - മണിക്കടവ് ബസ് മട്ടന്നൂർ ഉളിയിൽ നിന്നും ആക്രമിക്കപ്പെട്ടിരുന്നു. ഇതുവഴിയാണ് എഴുപതിനായിരം രൂപയുടെ നഷ്ടമുണ്ടായത്. ബസുകൾക്ക് നേരേ അക്രമം നടന്നതോടെ കണ്ണൂർ ഡിപ്പോയിൽ നിന്നും മറ്റു സബ് ഡിപ്പോകളിൽ നിന്നും സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. കോർപ്പറേഷനുണ്ടായ നഷ്ടം,​ ഹർത്താൽ അനുകൂലികളിൽ നിന്നും തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.