കുട്ടികൾക്ക് ഈ സ്കൂളിൽ പഠിക്കാം... കൂടെ ജോലിയും വേതനവും
കുട്ടി തപാൽ ഓഫീസൊരുക്കി കെ.എ.കെ.എൻ.എസ്.എ.യു.പി. സ്കൂൾ
കണ്ണൂർ: പഠനത്തോടൊപ്പം ആകർഷകമായ ശമ്പളത്തോടെ സ്കൂളിൽ തന്നെ ഒരു ജോലിയും ഒരുക്കി കുറ്റ്യാട്ടൂരിലെ കെ.എ. കൃഷ്ണൻ നമ്പ്യാർ സ്മാരക എ.യു.പി സ്കൂൾ. ഒക്ടോബർ 10ന് ദേശീയ തപാൽ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ആരംഭിക്കുന്ന പോസ്റ്റ് ഓഫീസിലേക്ക് പോസ്റ്റ് ഗേൾ,പോസ്റ്റ് ബോയ് തസ്തികയിലേക്കാണ് വിദ്യാർത്ഥികൾക്ക് നിയമനം.
അദ്ധ്യാപകർ രക്ഷിതാക്കൾക്കയയ്ക്കുന്ന അറിയിപ്പും സ്കൂളിലെ കുട്ടികൾ കൂട്ടുകാർക്കായി പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുന്ന കത്തുകളും ആശംസാ കാർഡുകളും സ്വീകർത്താവിന് എത്തിക്കുക എന്നതാണ് ജോലി. സ്കൂളിലേക്കുള്ള എല്ലാ കത്തിടപാടുകളും ഇനി സ്കൂൾ തപാലോഫീസ് വഴിയാണ് നടക്കുക. ജോലി സമയത്ത് പ്രത്യേക യൂണിഫോമും ബാഡ്ജും തൊപ്പിയും ഉണ്ടാകും.
സ്കൂൾ പ്രധാന അദ്ധ്യാപിക കെ.കെ. അനിത അടുത്തിടെ നടത്തിയ യൂറോപ്പ് സന്ദർശനത്തിനിടെ അവിടത്തെ വിദ്യാലയങ്ങളിൽ കണ്ട പഠനത്തോടൊപ്പം ജോലി എന്നാശയമാണ് പ്രചോദനമായത്. സ്റ്റാഫ് ഫണ്ടിൽ നിന്നാണ് കുട്ടി ജീവനക്കാരുടെ ശമ്പളം. കുട്ടികളുടെ പഠനാവശ്യങ്ങൾക്കായാണ് ശമ്പളം. ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് ജോലി. മാസത്തിൽ പത്തു രൂപയുടെ ശമ്പള വർദ്ധനവും ഉണ്ടാകും.
സ്കൂൾ പ്രധാന അദ്ധ്യാപികയ്ക്കു പുറമേ എസ്.ആർ.ജി കൺവീനർ ഷീജ, സ്റ്റാഫ് സെക്രട്ടറി എം.ആർ. നിയാസ്, ഒ. ദാമോദർ, കെ.സി. ഹബീബ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
നിയമനത്തിന് ഒ.എം.ആർ പരീക്ഷ
ഇപ്പോൾ സ്കൂളിൽ പഠിക്കുന്ന മുന്നൂറിൽപരം കുട്ടികളിൽ നിന്നും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നടത്തുന്ന പരീക്ഷപോലെ ഒ.എം.ആർ പരീക്ഷയും വിജയിക്കുന്നവരെ അഭിമുഖപരീക്ഷയും നടത്തിയാണ് ജോലി നൽകുക.
കൊവിഡ് കാലത്ത് കുട്ടികളിൽ അനുഭവപ്പെട്ട പഠനവിടവ് നികത്തലിന്റെ ഭാഗമായി എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക, പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുക എന്നീ ഉദ്ദേശ്യങ്ങളോടെ ആരംഭിക്കുന്ന പദ്ധതിയാണ് സ്കൂൾ പോസ്റ്റ് ഓഫീസ്
കെ.കെ. അനിത, പ്രധാനാദ്ധ്യാപിക,
കെ.എ. കൃഷ്ണൻ നമ്പ്യാർ സ്മാരക എ.യു.പി സ്കൂൾ, കുറ്റ്യാട്ടൂർ