ഗജവീരൻ ചുളളിപ്പറമ്പിൽ വിഷ്ണുശങ്കർ ഓർമ്മയായി

Monday 26 September 2022 12:20 AM IST

ഏങ്ങണ്ടിയൂർ: ആനപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ വിഷ്ണുശങ്കർ ഓർമ്മയായി. ഒരു വർഷത്തിലധികമായി പാദരോഗത്തിന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോടെ എത്തായിലുള്ള തറവാട്ടിലായിരുന്നു അന്ത്യം. ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന മേനിയഴകായിരുന്നു വിഷ്ണുശങ്കറിന്റേത്. ഒറ്റനിലവുള്ള അപൂർവം ആനകളിൽ ഒന്നാണ്. മത്സരപ്പൂരങ്ങളിൽ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു. 2000 ത്തിലാണ് ഏങ്ങണ്ടിയൂർ ചുള്ളിപ്പറമ്പിൽ തറവാട്ടിൽ വിഷ്ണുശങ്കർ കാലുകുത്തിയത്. വിഷ്ണുവിനെ കണ്ടാൽ നാടൻ ആനയാണെന്ന് തോന്നിപ്പോയിരുന്നു. യു.പിയിലെ കമല സർക്കസ് കൊണ്ടുപോയ ഒമ്പതു അടിക്കുമേൽ ഉയരമുണ്ടായിരുന്ന പിടിയാനയുടെ മകനാണ് വിഷ്ണു. നിരവധി വിശേഷണങ്ങളാണ് വിഷ്ണുശങ്കറിനുള്ളത്. 18 നഖങ്ങൾ, ഉയർന്ന ഇരിക്കസ്ഥാനം, നിലം മുട്ടികിടക്കുന്ന തുമ്പികൈ, കീറലോ തുളയോ ഇല്ലാത്ത ചെവികൾ, ഉറച്ച ബലമുള്ള നട, നീളമുള്ള വാല് ഇതെല്ലാം വിഷ്ണുശങ്കറിന്റെ അഴകിന് മാറ്റുകൂട്ടിയിരുന്നു.