പൊട്ടിക്കരഞ്ഞ് ജോസഫ് വിവരിച്ചു രാജീവിന്റെ ദാരുണാന്ത്യം, വികാരഭരിതനായി രാഹുൽ
വടക്കാഞ്ചേരി: രാഹുലിനെ കണ്ടപ്പോൾ പിതാവ് രാജീവിന്റെ ദാരുണാന്ത്യം നേരിൽക്കണ്ട കൊടകര പുപ്പള്ളി വീട്ടിൽ ജോസഫ് പൊട്ടിക്കരഞ്ഞു. ഭാരത് ജോഡോ പദയാത്രയുടെ ഭാഗമായി വിളിച്ചു ചേർത്ത ജവാന്മാരുടെ സംവാദത്തിലാണ് സംഭവം.
സംവാദത്തിൽ പങ്കെടുക്കാൻ എത്തിയ വിമുക്ത ഭടൻ കൂടിയായ ജോസഫ് കണ്ണീരൊഴുക്കിയാണ് രാഹുൽ ഗാന്ധിക്ക് മുന്നിൽ മനസ് തുറന്നത്. രാജീവ് ഗാന്ധിയോടൊപ്പം ചെന്നൈയിൽ ചെലവഴിച്ച ദിവസങ്ങളെക്കുറിച്ച് അദ്ദേഹം പങ്കുവച്ചു. രാഹുൽ ഗാന്ധിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ജോസഫ് അറിയിച്ചു.
ഹിന്ദിയിൽ സംഭവം വിവരിച്ചത് കേട്ട് രാഹുലിന്റെ കണ്ണും നിറഞ്ഞു. അതീവ സുരക്ഷയിൽ വിമുക്ത ഭടൻമാർ മാത്രമായിരുന്നു കൂടിക്കാഴ്ചയ്ക്ക് എത്തിയത്. മാദ്ധ്യമ പ്രവർത്തകർക്ക് പോലും ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കേന്ദ്ര സർക്കാർ കൊണ്ടു വരുന്ന അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കരുതെന്നും ജവാന്മാരോടുള്ള അവഹേളനമാണിതെന്നും യു.പി.എ സർക്കാരിന്റെ കാലത്ത് എ.കെ. ആന്റണി പ്രഖ്യാപിച്ച വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്നും ജവാന്മാർ ആവശ്യപ്പെട്ടു.
തങ്ങൾ അധികാരത്തിൽ അനുകൂല നടപടികൾ ഉണ്ടാകുമെന്ന് രാഹുൽ ജവാൻമാർക്ക് ഉറപ്പ് നല്കി. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം ജവാന്മാർക്ക് ഉപഹാരവും മധുരവും സമ്മാനിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉപഹാരങ്ങൾ വിതരണം ചെയ്തു.