എല്ലാ ആശുപത്രിയിലും ഐസൊലേഷൻ ബെഡ് ഒരുക്കും
തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ പരിചരണത്തിനായി പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും രണ്ടു വീതം ഐസോലേഷൻ ബെഡുകൾ സജ്ജമാക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ തിരക്കുള്ള സമയങ്ങളിൽ വാർഡ് ഡ്യൂട്ടിയിലുള്ള ഡോക്ടറോട് കാഷ്വാലിറ്റിയിൽ മെഡിക്കൽ ഓഫീസറെ സഹായിക്കാൻ നിർദേശിച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണത്തിന്റെ തിരക്കുകൾ കുറഞ്ഞതിനാൽ ആർദ്രം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വൈകിട്ട് 6 മണി വരെ ഒപി പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിലെ ഏതാനും സി.എച്ച്.സികളെ ബ്ലോക്ക് എഫ്.സികളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും ബന്ധപ്പെട്ട വകുപ്പ് മേധാവികൾ യോഗത്തെ അറിയിച്ചു. കളക്ടർ ഹരിത വി. കുമാർ അദ്ധ്യക്ഷയായി. എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ, അസിസ്റ്റന്റ് കളക്ടർ വി .എം. ജയകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
പുതുക്കാട് ലേബർ റൂം ആരംഭിക്കും
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ലേബർ റൂം പ്രവർത്തനം തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കുന്നതിന് കൊടകര ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. ജില്ലാതലത്തിൽ പ്രവർത്തനങൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ ആർ.സി.എച്ച് ഓഫീസറെയും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറെയും ചുമതലപ്പെടുത്തി.