ക്വാറന്റൈനിലോ തടങ്കലിലോ, ഷീ കാണാമറയത്ത്
ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് വീട്ടുതടങ്കലിലാണെന്നും രാജ്യത്ത് പട്ടാള അട്ടിമറി നടന്നെന്നും ഇന്റർനെറ്റിലൂടെ നടക്കുന്ന പ്രചാരണങ്ങളോട് അകലം പാലിച്ച് ചൈന. കഴിഞ്ഞ ദിവസം മുതലാണ് ഷീയെ പീപ്പിൾസ് ലിബറേഷൻ ആർമി വീട്ടുതടങ്കലിലാക്കിയെന്നും സൈനിക ജനറലും നോർത്തേൺ തിയേറ്റർ കമാൻഡിന്റെ കമാൻഡറുമായ ലി ക്വിയോമിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തെന്നുമുള്ള തരത്തിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ ട്വിറ്ററിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്.
വിദേശത്ത് താമസമാക്കിയത് ഉൾപ്പെടെയുള്ള ചൈനീസ് പൗരന്മാർ തന്നെയാണ് വാർത്തകൾ ട്വീറ്റ് ചെയ്തത്. വാർത്ത സത്യമാകാനിടയില്ലെന്ന് ഒരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാട്ടുമ്പോഴും ഷീയുടെ അസാന്നിദ്ധ്യം ചർച്ചയാവുകയാണ്. 16ന് ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുത്ത് എത്തിയത് മുതൽ ഷീയെ പൊതുപരിപാടികളിൽ കണ്ടിട്ടില്ല.
വിമാനത്താവളത്തിൽ എത്തിയ ഉടൻ ഷീയെ സൈന്യം അറസ്റ്റ് ചെയ്തെന്നാണ് പ്രചാരണം. എന്നാൽ, ഷീ നിലവിൽ കൊവിഡ് ക്വാറന്റൈനിലാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വളരെ കടുത്ത കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന രാജ്യമാണ് ചൈന. വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും രാജ്യത്ത് ക്വാറന്റൈൻ നിർബന്ധമാണ്.
ഷീയുടെ ആരോഗ്യം സംബന്ധിച്ചും ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന സെറിബ്രൽ അന്യൂറിസം എന്ന രോഗത്തിന് ഷീ കഴിഞ്ഞ വർഷം അവസാനം ചികിത്സ തേടിയിരുന്നതായി ചില പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകളോട് പ്രതികരിച്ചില്ലെങ്കിലും അടുത്ത മാസം 16ന് നടക്കുന്ന സുപ്രധാന പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാനുള്ള എല്ലാ പ്രതിനിധികളെയും തിരഞ്ഞെടുത്തെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നലെ അറിയിച്ചു. 2,296 പ്രതിനിധികളെ തിരഞ്ഞെടുത്തെന്നും എല്ലാവരെയും പ്രസിഡന്റ് ഷീ നിശ്ചയിച്ച മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് തിരഞ്ഞെടുത്തതെന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു. ചൈനീസ് പ്രസിഡന്റ്, പാർട്ടി ജനറൽ സെക്രട്ടറി, മിലിട്ടറി കമാൻഡർ ഇൻ ചീഫ് എന്നീ പദവികൾ മൂന്നാം തവണയും നിലനിറുത്താൻ ഷീയ്ക്ക് അവസരം ഒരുക്കുന്നതാണ് ഈ സമ്മേളനം.