കമലാഹാരിസ് ദക്ഷിണ കൊറിയയിലേക്ക്, ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ
സോൾ : യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വ്യാഴാഴ്ച ദക്ഷിണ കൊറിയ സന്ദർശിക്കാനിരിക്കെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി അയൽ രാജ്യമായ ഉത്തര കൊറിയ. ഇന്നലെ പ്രാദേശിക സമയം രാവിലെ 7ന് തലസ്ഥാനമായ പ്യോംഗ്യോംഗിന് വടക്കുള്ള ടേക്കോൺ മേഖലയിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് ഷോർട്ട് റേഞ്ചിൽപ്പെട്ട മിസൈലിന്റെ പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയൻ ആർമി അറിയിച്ചു.
മേഖലയിൽ ദക്ഷിണ കൊറിയയുടെയും യു.എസിന്റെയും സംയുക്ത സൈനികാഭ്യാസം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യു.എസിന്റെ ആണവ അന്തർവാഹിനിയായ യു.എസ്.എസ് റൊണാൾഡ് റീഗൻ ദക്ഷിണ കൊറിയൻ തീരത്തെത്തിയിരുന്നു.
50 കിലോമീറ്റർ പരമാവധി ഉയരത്തിലൂടെ മിസൈൽ സഞ്ചരിച്ചെന്ന് കരുതുന്നു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള കടലിലാണ് മിസൈൽ പതിച്ചത്. കടലിലോ വ്യോമപരിധിയിലോ മിസൈൽ വിക്ഷേപണം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല.
ജൂൺ ആദ്യം ഒറ്റ ദിവസം എട്ട് ഷോർട്ട് - റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു. ഈ വർഷം ഇതുവരെ 30 ലേറെ ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചെന്ന് കരുതുന്നു. ഒരു ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലും ഇതിൽപ്പെടുന്നു.