103 ലക്ഷം ഡോസ് വാക്സിൻ നശിപ്പിക്കാൻ സ്വിറ്റ്‌സർലൻഡ്

Monday 26 September 2022 6:20 AM IST

ജനീവ : മൊഡേണയുടെ 103 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നശിപ്പിക്കൊനൊരുങ്ങി സ്വിറ്റ്‌സർ‌ലൻഡ്. ഉപയോഗിക്കാനുള്ള കാലാവധി കഴിഞ്ഞഴ്ച ബുധനാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ഏകദേശം 285 ദശലക്ഷം ഡോളറിന്റെ വാക്സിനാണ് നശിപ്പിക്കുന്നത്. 25 ലക്ഷം ഡോസുകൾ സ്വിസ് ആർമിയുടെ ലോജിസ്റ്റിക്സ് ബേസിലും ബാക്കി ബെൽജിയത്തിലെ ഒരു സംഭരണ ഡിപ്പോയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

87 ലക്ഷം മാത്രം ജനസംഖ്യയുള്ള സ്വിറ്റ്‌സർലൻഡ് 340 ലക്ഷം വാക്സിൻ ഡോസുകളാണ് ശേഖരിച്ചത്. രാജ്യത്തെ 70 ശതമാനം പേരും രണ്ട് ഡോസും സ്വീകരിച്ചവർ ആണ്. ഇതാദ്യമായല്ല സ്വിറ്റ്‌സർ‌ലൻഡിൽ വാക്സിൻ ഉപയോഗശൂന്യമായി നശിപ്പിക്കപ്പെടുന്നത്. മേയിൽ 620,​000ത്തിലേറെ ഡോസുകൾ ആവശ്യക്കാരില്ലാത്തതിനാൽ നശിപ്പിക്കേണ്ടി വന്നിരുന്നു. ഫെബ്രുവരിയിൽ അധികം വന്ന 150 ലക്ഷം ഡോസുകൾ ദരിദ്ര രാജ്യങ്ങൾക്ക് നൽകുമെന്ന് സ്വിറ്റ്‌സർ‌ലൻഡ് അറിയിച്ചിരുന്നു. എന്നാൽ ഇതിൽ 100 ലക്ഷത്തോളം ഡോസുകൾ നശിപ്പിച്ചെന്നാണ് റിപ്പോർട്ട്.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വെറും 19 ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അടുത്തിടെ യു.എൻ ജനറൽ അസംബ്ലിയിൽ പരാമർശിച്ചിരുന്നു.

സമ്പന്ന രാജ്യങ്ങളിലാകട്ടെ 75 ശതമാനം ജനങ്ങളും വാക്സിൻ സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് ഒരു ഭാഗത്ത് വാക്സിനായി ദരിദ്ര രാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ മറുഭാഗത്ത് സമ്പന്ന രാജ്യങ്ങളിൽ വാക്സിൻ ഡോസുകൾ കെട്ടിക്കിടക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്.