എലിസബത്ത് രാജ്ഞിയുടെ മരണം: പ്രവചനം ഫലിച്ചു, പുസ്തകത്തിന് പിന്നാലെ ജനങ്ങൾ

Monday 26 September 2022 6:20 AM IST

ലണ്ടൻ : 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയായിരുന്നു നോസ്ട്രഡാമസ്. ഇന്ന് അരങ്ങേറുന്ന പല സംഭവവികാസങ്ങളും നൂറ്റാണ്ടുകൾക്ക് മുന്നേ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്ന പ്രചാരണങ്ങൾ ലോകമെമ്പാടും വ്യാപകമായുണ്ട്. തെളിവുകളോ ശാസ്ത്രീയ വിശദീകരണങ്ങളോ ഒന്നുമില്ലെങ്കിലും നോസ്ട്രഡാമസ് രചിച്ച ' ലെസ് പ്രൊഫെറ്റീസ് ' എന്ന പുസ്തകത്തിലെ വരികൾ പലതും ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനയാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ അവകാശം.

കൊവിഡ് മഹാമാരിയും യുക്രെയിനിലെ റഷ്യൻ അധിനിവേശവുമൊക്കെ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നുവെന്ന തരത്തിലെ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. ഇപ്പോഴിതാ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട് നോസ്ട്രഡാമസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.

1555ൽ പ്രസിദ്ധീകരിച്ച ലെസ് പ്രൊഫെറ്റീസിൽ ' ക്വാട്രെയ്ൻ ' എന്ന നാലുവരി കവിതയുടെ രൂപത്തിലാണ് 1503ൽ ജനിച്ച വൈദ്യശാസ്ത്രജ്ഞൻ കൂടിയായ മൈക്കൽ ഡി നോസ്ട്രഡാം എന്ന നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളെല്ലാം നടത്തിയിരിക്കുന്നത്. നോസ്ട്രഡാമസിന്റെ ഈ കവിതകൾ അവ്യക്തമാണ്. നിഗൂഢതകൾ നിറഞ്ഞ നോസ്ട്രഡാമസിന്റെ ഭാഷ മനസിലാക്കാൻ വളരെ പ്രയാസമാണ്.

ബുക്കിലെ ഒരു ക്വാട്രെയ്നിലാണ് എലിസബത്ത് രാജ്ഞിയുടെ മരണം സൂചിപ്പിക്കുന്നതത്രെ. അതും എത്രാം വയസിൽ രാജ്ഞി മരിക്കുമെന്ന് നോസ്ട്രഡാമസ് കൃത്യമായും പറഞ്ഞിട്ടുണ്ടത്രെ. ബ്രിട്ടീഷ് എഴുത്തുകാരൻ മാരിയോ റീഡിംഗ് 2005ൽ പുറത്തിറക്കിയ ' നോസ്ട്രഡാമസ് : ദ കംപ്ലീറ്റ് പ്രൊഫസീസ് ഫോർ ദ ഫ്യൂച്ചർ " എന്ന പരിഭാഷ ബുക്കിലാണ് ഇക്കാര്യം പറയുന്നത്.

എലിസബത്ത് രാജ്ഞി ഏകദേശം 2022ഓടെ 96ാം വയസിൽ അന്തരിക്കുമെന്നാണ് ബുക്കിൽ പറയുന്നത്. സെപ്റ്റംബർ 8ന് 96ാം വയസിലാണ് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ മരണത്തിന് പിന്നാലെ മാരിയോയുടെ ബുക്കിന്റെ വില്പന കുത്തനെ ഉയർന്നു. സെപ്തംബർ 17 മുതൽ 8,000 കോപ്പികൾ വിറ്റുപോയനെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മാരിയോ 2017ൽ കാൻസർ ബാധയെ തുടർന്ന് 63ാം വയസിൽ അന്തരിച്ചിരുന്നു.

ഞെട്ടിക്കുന്ന മറ്റൊരു പ്രവചനം എന്തെന്നാൽ രാജ്ഞിയുടെ മരണത്തോടെ അധികാരമേറ്റ ചാൾസ് മൂന്നാമൻ രാജാവ് പദവി ഉപേക്ഷിക്കുമെന്നും പകരം ഇളയ മകൻ ഹാരി രാജാവാകുമെന്നുമാണ്. രാജകീയ പദവികൾ ഒഴിഞ്ഞ ഹാരി പിന്തുടർച്ചാ അവകാശികളുടെ നിരയിൽ സഹോദരൻ വില്യം രാജകുമാരനും അദ്ദേഹത്തിന്റെ മക്കൾക്കും പിന്നിൽ അഞ്ചാം സ്ഥാനത്താണ്. രാജാവിനെ ജനങ്ങൾ പുറത്താക്കുമെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ ആ പദവി ഏറ്റെടുക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചെന്നാണ് മാരിയോ തന്റെ പുസ്തകത്തിൽ പറയുന്നത്.

 ശരിക്കും സത്യമാണോ ?

1666ൽ ലണ്ടൻ നഗരത്തിലെ തീപിടിത്തം, ജോൺ എഫ്. കെന്നഡിയുടെ വധം, ഹിറ്റ്ലർ, ഫ്രഞ്ച് വിപ്ലവം, നോപ്പോളിയൻ ബോണപ്പാർട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അറ്റോമിക് ബോംബ് ആക്രമണം, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചർ സ്പെയ്സ് ഷട്ടിൽ ദുരന്തം തുടങ്ങിയവ ഒക്കെ നോസ്ട്രഡാമസിന്റെ പ്രവചങ്ങളുമായി ബന്ധിപ്പിക്കുന്നവർ ഏറെയാണ്.

നോസ്ട്രഡാമസിന്റെ അവ്യക്ത കവിതകളിൽ നിശ്ചിത സ്ഥലങ്ങളോ സംഭവങ്ങളോ ഒന്നും സൂചിപ്പിക്കുന്നില്ല. അതിനാൽ ഇവ പ്രവചനങ്ങളായി കണക്കാക്കില്ലെന്ന് ഗവേഷകർ പറയുന്നു. കവിതകളിലെ യാഥൃശ്ചികതയെ യഥാർത്ഥ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്താനാണ് പലരും ശ്രമിക്കുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.