മാദ്ധ്യമപ്രവർത്തകയുടെ പരാതി; ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും

Monday 26 September 2022 8:32 AM IST

കൊച്ചി: മാദ്ധ്യമപ്രവർത്തകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയ്ക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നടന് നിർദേശം നൽകിയിട്ടുണ്ട്. അഭിമുഖത്തിനിടെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാദ്ധ്യമപ്രവർത്തകയുടെ പരാതി.


ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ 'ചട്ടമ്പി'യുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽവച്ച് നടന്ന അഭിമുഖത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഈ മാസം 22 നാണ് ശ്രീനാഥ് ഭാസിക്കെതിരെ യുവതി മരട് പൊലീസിൽ പരാതി നൽകിയത്.

തന്റെ ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി തെറി വിളിച്ചെന്നും ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ നിർണായകമായേക്കും. താൻ മാദ്ധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞിട്ടില്ലെന്ന് നടൻ പ്രതികരിച്ചിരുന്നു.