തട്ടിപ്പിൽ സുരഭി പുറത്തെടുക്കുന്നത് പുതുപുത്തൻ നമ്പരുകൾ, വീഴുന്നതിൽ ഏറെയും യുവാക്കൾ, കൈക്കലാക്കിയത് ലക്ഷങ്ങൾ

Monday 26 September 2022 9:55 AM IST

പത്തനംതിട്ട : ഹൈക്കോടതിയിൽ ജോലിതരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണൻകുട്ടിയുടെ മകൾ സുരഭികൃഷ്ണയാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസ് (29) ആണ് പരാതിക്കാരൻ.

ഹൈക്കോടതി സ്റ്റേനോഗ്രാഫർ ആണെന്ന് പറഞ്ഞ് യുവാവിനെ ഫോണിൽ വിളിച്ച സുരഭി ഹൈക്കോടതിയിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രിൻസിന്റെ പുല്ലാട് കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2020 മേയ് 27 ന് 9000 രൂപയും, ഒക്ടോബർ 7ന് 3,45,250 രൂപയും യുവാവിൽ നിന്ന് ഒരുലക്ഷം നേരിട്ടും വാങ്ങി. സഹോദരന്മാർക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന് വാക്കുനൽകി 1,50,000 രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു. ആകെ 5,95,250 രൂപ തട്ടിയെടുത്ത കേസിൽ പ്രതി ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു.

തുടർന്ന് പ്രതിക്കെതിരെ കോടതി വാറൻഡ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി ആവശ്യപ്പെട്ട യുവാവിന് അക്കൗണ്ടിൽ പണമില്ലാത്ത 6 ലക്ഷം രൂപയുടെ ചെക്ക് നൽകിയും, ജോലിയിൽ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകൾ ഒറിജിനൽ എന്ന് തോന്നിപ്പിക്കും വിധം വാട്‌സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി വഞ്ചിച്ചു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement