ഹർത്താൽ ദിനത്തിൽ പൊലീസുകാരനെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലർ ഫ്രണ്ടുകാരൻ പിടിയിൽ, നടപടി കടുപ്പിച്ച് പൊലീസ്, രണ്ടുമണിക്കൂർ അരിച്ചുപെറുക്കി  മിന്നൽ പരിശോധന

Monday 26 September 2022 11:19 AM IST

കൊല്ലം: ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലർ ഫ്രണ്ടുകാരനെ അറസ്റ്റുചെയ്തു. കൂട്ടിക്കട സ്വദേശി ഷംനാദാണ് ഇരവിപുരം റെയിൽവേഗേറ്റിന് സമീപത്തുവച്ച് ഇന്നലെ അർദ്ധരാത്രിയോടെ അറസ്റ്റിലായത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാൾ നാട്ടിൽ തിരികെ എത്തിയ ഉടനായിരുന്നു പിടികൂടിയത്.

ഹർത്താൽ ദിവസം രാവിലെയായിരുന്നു ഇയാൾ പൊലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തിയത്. പോപ്പുലർഫ്രണ്ടുകാർ കടകളടപ്പിക്കുകയും വഴിയാത്രക്കാരെ അസഭ്യംപറയുകയും ചെയ്യുന്നത് അറിഞ്ഞതോടെ സ്ഥലത്തെത്തിയ പൊലീസുകാരെയാണ് ഇയാൾ ആക്രമിച്ചത്. ഇതിൽ ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം കഴിഞ്ഞ ഉടൻ താൻ ഒന്നും ചെയ്തില്ലെന്നും പൊലീസുകാർ തന്റെ വാഹനത്തിലേക്ക് വന്നിടിക്കുകയായിരുന്നു എന്നും ഇയാൾ സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചറിയിക്കുകയും ഒപ്പം ഇ മെയിൽ സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാൽ പൊലീസ് തന്നെ തിരയുകയാണെന്ന് വ്യക്തമായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃതനിർവഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾക്കുമാണ് അറസ്റ്റ് . പിടിയിലായവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഹർത്താൽ ആക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1287 പേർ അറസ്റ്റിലായത്.

അതേസമയം, പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നീക്കം കേരള പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഒരേസമയം പലയിടങ്ങളിൽ രണ്ടുമണിക്കൂർ നീണ്ട മിന്നൽ റെയ്ഡിലൂടെ കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ നടത്തിയത് ജില്ല അടുത്തകാലത്തു കണ്ട വലിയ ഓപ്പറേഷനുകളിലൊന്നായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെയും നേതാക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് പൊലീസ് ഇന്നലെ വൈകുന്നേരം അഞ്ചുമണി മുതൽ രണ്ടുമണിക്കൂർ അരിച്ചു പെറുക്കിയത്.


താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ വീമാർട്ട് ഹൈപ്പർമാർക്കറ്റ്, പ്രഭാതജംഗ്ഷനിലെ സ്‌പെയ്സ്മാൻ റെഡിമെയ്ഡ് ഷോപ്പ്, റെയിൽവെ സ്‌റ്റേഷനു മുൻപിലെ പാരയെന്ന റെഡിമെയ്ഡ് വസ്‌ത്രഷോപ്പ്, പടന്നപ്പാലത്തെ സെയ്ൻബസാർ സൂപ്പർമാർക്കറ്റ്, കക്കാട് ഫുദാ ഫൂട്വെയർ എന്നിവിടങ്ങളിലാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ വിനുമോഹൻ, എസ്.ഐ നസീബ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകളായി പൊലീസ് റെയ്ഡു നടത്തിയത്.


ഇവിടെ നിന്നും ലാപ്പ് ടോപ്പുകൾ, ജീവനക്കാരുടെ മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു.ലഘുലേഖകൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം. പ്രധാനമായും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പൊലീസ് പരിശോധിച്ചത്.

കണ്ണൂർ സിറ്റി സി.ഐ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സിറ്റിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡു നടത്തിയത്. വളപട്ടണം, പാപ്പിനിശേരി, കണ്ണപുരം, ചക്കരക്കൽ, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിലും പൊലീസ് റെയ്ഡു നടത്തി. മട്ടന്നൂർ നഗരസഭയിലെ നടുവനാട്, നരയംപാറ എന്നിവടങ്ങളിൽ സി.ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

വളപട്ടണത്ത് സി.ഐ രാജേഷിന്റെ നേതൃത്വത്തിലാണ് മൂന്നുജീപ്പുകളിലായെത്തിയ പൊലീസ് സംഘം ഇന്നലെ വൈകുന്നേരം മുതൽ റെയ്ഡു തുടങ്ങിയത്.

പാപ്പിനിശേരി അക്ഷയ കേന്ദ്രം, വളപട്ടണം പൊലീസ് സ്റ്റേഷന്റെ പിന്നിലുള്ള ഗോഡൗൺ, കീരിയാട്ടുള്ള ഷോപ്പ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. എസ്.ഐമാരായ കെ.കെ രേഷ്മ, സതീഷ്, വിനോദ്കുമാർ, രഞ്ജിത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘം പങ്കെടുത്തു. എന്നാൽ ഇവിടെനിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


കണ്ണൂർ കോർപറേഷൻ പരിധിയിൽ പരിശോധന നടത്തിയ കടകളിലെ ഉടമകളോട് ഇന്ന് രാവിലെ ടൗൺ പൊലീസ് സ്റ്റേഷനിലെത്താൻ രേഖാമൂലം നോട്ടീസ് നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ഇവരുടെ വ്യാപാരസ്ഥാപനം മുഖേനെ വിദേശത്തു നിന്നും പണം വരുന്നുണ്ടോയെന്ന് അന്വേഷിക്കാനാണ് ബാങ്ക് രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തത്.

ജില്ലയിൽ ഹർത്താലിനോടനുബന്ധിച്ചു നടന്ന അക്രമകേസുകളിലെ പ്രതികളെ പിടികൂടുന്നതിനായി കണ്ണൂർ സിറ്റിയിലെ ചില വീടുകളിലും പൊലീസ് പരിശോധന നടത്തി. ഹർത്താൽ അക്രമങ്ങളിൽ ജില്ലയിലെ നേതാക്കളുൾപ്പെടെ എഴുപതുപേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതിനെ തുടർന്ന് നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.

Advertisement
Advertisement