സിറിയയിലും ഇറാഖിലും നടക്കുന്ന ഗറില്ല മോഡലുകൾക്ക് സമാനം: കണ്ണൂരിലെ ചില രാഷ്‌ട്രീയ കൊലപാതകങ്ങൾ പുനപരിശോധിക്കുന്നു, പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് സൂചന

Monday 26 September 2022 12:25 PM IST

കണ്ണൂർ: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം മുറുക്കിയിരിക്കെ ജില്ലയിൽ നടന്ന ചില രാഷ്ട്രീയ കൊലപാതക കേസുകൾ പുനഃപരിശോധിക്കുന്നു. സംസ്ഥാനത്തെ ചില ഉന്നത നേതാക്കൾ പോപ്പുലർ ഫ്രണ്ട് ഹിറ്റ്ലിസ്റ്റിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രരഹസ്യാന്വേഷണവിഭാഗവും സംസ്ഥാന പൊലീസും സംയുക്തമായി അന്വേഷണമാരംഭിച്ചത്. ക്ഷേത്രസംരക്ഷണ സമിതി നേതാവ് പുന്നാട് അശ്വിനി കുമാറിന്റെത് ഉൾപ്പെടെയുള്ള ആറുകൊലപാതകങ്ങളിലെ തീവ്രവാദസാന്നിദ്ധ്യമാണ് അന്വേഷിക്കുക.

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ അക്രമം നടന്ന ജില്ലകളിലൊന്നാണ് കണ്ണൂർ. കണ്ണൂർ സിറ്റി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മാത്രം എൺപതുകേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ഈ അക്രമങ്ങൾ സിറിയയിലും ഇറാഖിലുമൊക്കെ നടക്കുന്ന ഗറില്ലാ മോഡലാണെന്ന് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടു നൽകിയിട്ടുണ്ട്. സമീപകാലത്ത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹർത്താലിനെക്കാൾ ഏറ്റവും കൂടുതൽ ആക്രമണം നടന്ന ഹർത്താലുകളിലാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജില്ലയിലെ ചില പി.എഫ്.ഐ സ്വാധീനകേന്ദ്രങ്ങളിൽ തമ്പടിച്ചാണ് ആക്രമണങ്ങൾ അരങ്ങേറിയിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങൾക്കെതിരെ യു.എ.പി.എ ചുമത്താതിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് വ്യാപകമായി പെട്രോൾ ബോംബുകൾ പ്രയോഗിച്ചതിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തൽ. നേരത്തെ ആസൂത്രണം ചെയ്താണ് പെട്രോൾ ബോംബുകൾ നിർമ്മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ സംഘടിക്കുന്ന പ്രവർത്തകർ ഇരുചക്രവാഹനങ്ങളിലാണ് ആക്രമണത്തിന് പോകുന്നതെന്നും ബോംബെറ് നടത്തിയതിനു ശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ സുരക്ഷിതരായി തിരികെയെത്തിയതായും പൊലീസ് പറയുന്നു.