പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ് ; ഡെമോക്രാറ്റിക് ആസാദ് പാർട്ടി ലക്ഷ്യമിടുന്നത് കാശ്‌മീർ പിടിച്ചെടുക്കുക

Monday 26 September 2022 1:09 PM IST

ശ്രീനഗർ: മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് തന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. 'ഡെമോക്രാറ്റിക് ആസാദ് പാർട്ടി' എന്നാണ് തന്റെ പാർട്ടിയ്‌ക്ക് നൽകിയ പേര്. ജമ്മുവിൽ പാർട്ടി പ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഓഗസ്‌റ്റ് 26നാണ് ആസാദ് അഞ്ച് പതിറ്റാണ്ടോളം നീളുന്ന തന്റെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുറത്തുവന്നത്.

2014 മുതൽ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. അഞ്ച് തവണ രാജ്യസഭാംഗമായും രണ്ട് തവണ ലോക്‌സഭാംഗമായും പ്രവർത്തിച്ച അദ്ദേഹം 2005 മുതൽ 2008 വരെ കാശ്‌മീർ മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ 2022 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.