ക്ളാസ് ടെസ്റ്റിൽ തെറ്റുവരുത്തിയെന്ന പേരിൽ അദ്ധ്യാപകന്റെ ക്രൂരമർദ്ദനം, പത്താം ക്ളാസ് വിദ്യാർത്ഥി മരിച്ചു

Monday 26 September 2022 5:52 PM IST

ലക്‌നൗ: അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ച പത്താം ക്ളാസ് വിദ്യാർത്ഥി മരിച്ചു. ഉത്തർപ്രദേശിലെ ഓരയ്യ ജില്ലയിലെ ദളിത് വിദ്യാർത്ഥിയായ നികിത് ഡോരെയാണ് മരിച്ചത്. ക്ളാസ് ടെസ്റ്റിൽ ഒരു വാക്ക് തെറ്റിച്ചുവെന്ന പേരിലായിരുന്നു ക്രൂരമർദ്ദനം.

സെപ്തംബർ ഏഴിനാണ് സംഭവം നടന്നത്. സോഷ്യൽ സയൻസ് വിഷയത്തിൽ നടന്ന ടെസ്റ്റിൽ ഒരു വാക്ക് തെറ്റിച്ചുവെന്ന് പറഞ്ഞ് വിദ്യാർത്ഥി ബോധരഹിതനാകുന്നതുവരെ വടിയും മറ്റുമുപയോഗിച്ച് അദ്ധ്യാപകനായ അശ്വിനി സിംഗ് തല്ലുകയും ചവിട്ടുകയും ചെയ്തതായി നികിതിന്റെ പിതാവ് ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി മരിച്ചത്. വിദ്യാ‌ർത്ഥി അവശനിലയിൽ സ്ട്രെച്ചറിൽ കിടക്കുന്നതായുള്ള ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ അശ്വിനി സിംഗ് കുട്ടിയുടെ ചികിത്സയ്ക്കായി ആദ്യം പതിനായിരം രൂപ നൽകിയെന്നും പിന്നീട് മുപ്പതിനായിരം രൂപ നൽകിയെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പിന്നീട് പിതാവിന്റെ ഫോൺ കോളുകൾക്ക് അദ്ധ്യാപകൻ മറുപടി നൽകിയിരുന്നില്ല. അദ്ധ്യാപകനുമായി ബന്ധപ്പെട്ടപ്പോൾ ജാതിയുടെ പേരിൽ അധിക്ഷേപിച്ചുവെന്നും പിതാവ് ആരോപിക്കുന്നു.

വിദ്യാർത്ഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അശ്വിനി സിംഗിനായി തിരച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

Advertisement
Advertisement