കൃഷ്ണൻനായർ യാത്രയായി, ആദരവ് ലഭിക്കാതെ

Tuesday 27 September 2022 12:00 AM IST

' തിരുവനന്തപുരം: ഫോർട്ട് ലക്ഷ്മി വിഹാർ ,പ്ളോട്ട് നമ്പർ 18 ൽ എം.കൃഷ്ണൻ നായർ (96-റിട്ട:ഡിവൈ.എസ്.പി, കേരള പൊലീസ്) അന്തരിച്ചു. ഭാര്യ പരേതയായ പി.ദേവകി അമ്മ,മക്കൾ കെ.മാധവകുമാർ, കെ.ജയകുമാരി, കെ.ഗീതാ ഗോകുൽ. മരുമക്കൾ: ജി.മോഹൻകുമാർ, പരേതനായ ഗോകുൽനാഥ്' സെപ്റ്റംബർ പതിനെട്ടിന് മലയാള പത്രങ്ങളുടെ ചരമപേജിൽ വന്ന ഒരു വാർത്തയാണിത്. സാധാരണ ചരമപേജ് വായിക്കുന്നവരുടെ ശ്രദ്ധയിൽമാത്രം പെടുന്ന ഒരു വാർത്ത. എന്നാൽ ഈ വാർത്തയ്ക്കു പിന്നിലെ വ്യക്തി സമൂഹത്തിനു നൽകിയ സംഭാവനകൾ ഒരു ചരമക്കോളത്തിൽ ഒതുക്കേണ്ടതായിരുന്നില്ല.

ഐ.സി.എസ്.കൃഷ്ണൻനായർ എന്നായിരുന്നു സർവീസിലിരിക്കെ കൃഷ്ണൻനായർ അറിയപ്പെട്ടിരുന്നത്. ആരുടെയും മുഖം നോക്കാതെ കാര്യങ്ങൾ കർക്കശമായി ചെയ്യുന്നതിനാലാണ് ഇന്ത്യൻ സിവിൽ സർവീസിന്റെ പേര് അന്ന് കൃഷ്ണൻനായർക്കൊപ്പം പതിഞ്ഞത്.

കരിക്കിൻവില്ലയടക്കം നിർണായക കേസുകൾ തെളിയിച്ചിട്ടുള്ള റിട്ട: എസ്.പി.കെ.എൻ.ബാൽ ഓർക്കുന്നു. " കൃഷ്ണൻനായർ നല്ല ഓഫീസറായിരുന്നു. എന്തും നടപ്പിലാക്കാൻ കാര്യപ്രാപ്തിയുള്ളയാൾ. 70 കളിൽ ഞാൻ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലിരിക്കുമ്പോൾ അവിടെ നാല് എസ്.ഐമാരിൽ പ്രിൻസിപ്പൽ എസ്.ഐ. കൃഷ്ണൻനായരായിരുന്നു. സ്റ്റേഷനിലെ ഭരണപരമായ കാര്യങ്ങൾ നടപ്പിലാക്കാൻ കൃഷ്ണൻനായരെയാണ് ഞാൻ ചുമതലപ്പെടുത്തിയിരുന്നത്. കണിശതയോടെ അദ്ദേഹം തന്റെ റോൾ നിർവഹിച്ചിരുന്നു. നരിച്ചീറും വവ്വാലും കയറി നാശോന്മുഖമായ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ നന്നാക്കിയെടുക്കാൻ ആരുമില്ലേയെന്ന് അന്നത്തെ പ്രഗത്ഭനായ ഐ.ജി എം.ഗോപാലൻ ചോദിച്ചിരുന്നു. എന്നെയാണ് ഐ.ജി ആ ദൗത്യത്തിനായി നിയോഗിച്ചത്. അന്ന് കൃഷ്ണൻനായർ നൽകിയ സഹകരണം വളരെ പ്രധാനപ്പെട്ടതായിരുന്നു. പത്തയ്യായിരം പെൻഡിംഗ് കേസുകളും എണ്ണായിരം പെറ്റീഷനുകളും കെട്ടിക്കിടക്കുകയായിരുന്നു. മൂന്നുമാസം കൊണ്ട് എല്ലാം പരിഹരിച്ചു. മുഖ്യമന്ത്രിയുടെ വരെ അഭിനന്ദനം ലഭിച്ചു. അന്ന് എന്റെ നിർദ്ദേശങ്ങൾക്കനുസൃതം സ്റ്റേഷനകത്തിരുന്ന് മുഴുവൻ പൊലീസുകാരെയും നിയന്ത്രിച്ചതും ഭരണപരമായ നടപടിക്രമങ്ങൾ പാലിച്ചതും കൃഷ്ണൻനായരായിരുന്നു. എന്തും ചെയ്യാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു.

അന്ന് പക്ഷേ നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി. കൃഷ്ണൻനായരുടെ മകൻ എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ്. സൈക്കിളിൽ ലൈറ്റില്ലെന്ന് പറഞ്ഞ് അന്നത്തെ ഫോർട്ട് എസ്.ഐ പെറ്റിക്കേസ് ചാർജ്ജ് ചെയ്തു. ഇങ്ങനെയുള്ള കേസുകൾ എടുക്കരുതെന്ന് അന്ന് സർക്കുലറുണ്ടായിരുന്നു. ഫോർട്ട് എസ്.ഐയാകട്ടെ കൃഷ്ണൻനായരേക്കാൾ ജൂനിയറുമായിരുന്നു. പക്ഷേ അതിലൊരു അനാവശ്യമായ തിടുക്കം എസ്.ഐ കാട്ടി. അതൊരു ചെറിയ സംഭവമായി കരുതാമെങ്കിലും ഒരു സ്കൂൾ വിദ്യാർത്ഥിയുടെ മനസിൽ അതൊരു ഷോക്കായി മാറിയിരുന്നു." -ബാൽ പറഞ്ഞു.

സർവീസിൽനിന്ന് 1981 ൽ വിരമിച്ച കൃഷ്ണൻനായർ തുടർന്നുള്ള തന്റെ ജീവിതം അനീതിക്കെതിരായ പോരാട്ടത്തിനായി ഉഴിഞ്ഞുവച്ചു. തലസ്ഥാനത്ത് ആദ്യം ആരംഭിച്ച സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറത്തിന്റെ പ്രസിഡന്റായിരുന്നു. ഉപഭോക്തൃകേസുകൾ സ്വയമേറ്റെടുക്കുകയും സ്വന്തം പണം ചെലവാക്കി കേസുകൾ നടത്തുകയും ചെയ്തു. പദ്മതീർത്ഥം നവീകരിക്കുന്നതിലും ഫോർട്ടിൽ അനധികൃത നിർമ്മാണം തടയുന്നതിലുമൊക്കെ കൃഷ്ണൻനായരുടെ പങ്ക് നിസ്തുലമാണ്. ഫോർട്ടിലെ തപാലാഫീസ് നിൽക്കുന്ന സ്ഥലം വിറ്റഴിക്കാൻ നീക്കം നടന്നപ്പോൾ അതിനെതിരെ പോരാടുകയും അവിടം ഹെറിറ്റേജ് ഏരിയയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിൽ കൃഷ്ണൻനായരുടെ പങ്ക് സുപ്രധാനമായിരുന്നു. കൊവിഡ് കാലം വരെ സജീവമായിരുന്ന കൃഷ്ണൻനായർ രണ്ടുവർഷമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് തൊണ്ണൂറ്റിയാറാം വയസിൽ അന്ത്യം സംഭവിച്ചത്.

സർവീസിൽനിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥാരായാലും മരണമടഞ്ഞാൽ അവരുടെ റാങ്കിനനുസരിച്ചുള്ള സേനാബഹുമതിയോടെ സംസ്ക്കരിക്കണമെന്നാണ് നിയമം. പക്ഷേ കൃഷ്ണൻനായരുടെ മരണവിവരം അറിയിച്ചിട്ടും ഔദ്യോഗിക ബഹുമതിയോടെ അടക്കാൻ ആരും മുന്നോട്ടുവന്നില്ല. പൊലീസ് പെൻഷനേഴ്സ് വെൽഫയർ സംഘടന ഇക്കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിരുന്നെങ്കിൽ അതിനുള്ള വഴിതെളിഞ്ഞേനെയെന്ന് പറയുന്നവരുണ്ട്. കൃഷ്ണൻനായരുടെ വീട്ടുകാർ ഒരു പരാതിയും പറഞ്ഞില്ല. അച്ഛന് ലഭിക്കേണ്ട അർഹമായ ആദരവ് ലഭിക്കാത്തതിൽ അവർക്കെല്ലാം സങ്കടമുണ്ട്. ആരെയും കുറ്റംപറയാൻ വീട്ടുകാർ തയ്യാറല്ല. എന്നാൽ കൃഷ്ണൻനായരോട് താത്പ്പര്യമില്ലാത്ത ചിലരുടെ കുത്തിത്തിരിപ്പാണ് ഇതിനെല്ലാം കാരണമെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ചില‌ർ അടക്കം പറയുന്നുണ്ട്.പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതേക്കുറിച്ചൊരു അന്വേഷണം നടത്തണം. സർവീസിലെ സത്യസന്ധനായ ഒരുദ്യോഗസ്ഥൻ ഒരു മണിക്കൂർ ഈ അന്വേഷണത്തിനായി വിനിയോഗിക്കണം. ചെറിയകാര്യമായി കരുതരുത്. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു മനുഷ്യനും മരിക്കുമ്പോൾ ഇത്തരത്തിലൊരു അവഗണന ഇനി നേരിടേണ്ടി വരരുത്.

Advertisement
Advertisement