കണ്ണൂരിലെ സർക്കാർ ആശുപത്രി കണ്ടാൽ പ്രസവം നിർത്തിയ സ്ത്രീയ്ക്കും വീണ്ടും പ്രസവിക്കാൻ തോന്നും; എം വി ജയരാജൻ

Monday 26 September 2022 9:48 PM IST

ഇടുക്കി: കണ്ണൂരിലെ സർക്കാർ ആശുപത്രിയിലെത്തിയാൽ പ്രസവം നിർത്തിയ സ്ത്രീകൾക്കും വീണ്ടും പ്രസവിക്കാൻ തോന്നുമെന്ന് എം വി ‌ജയരാജൻ. ഇടുക്കിയിൽ വെച്ച് നടന്ന ധീരജിന്റെ കുടുംബ സഹായനിധി കൈമാറൽ ചടങ്ങിനിടെയായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന. എൽ ഡി എഫ് ഭരണകാലയളവിൽ ആരോഗ്യ രംഗത്തുണ്ടായ പുരോഗതി ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ആശുപത്രികൾ നേരിട്ട് കണ്ടിട്ടില്ലെന്നും എന്നാൽ കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രി സന്ദർശിച്ചതിൽ നിന്നും അവിടുത്തെ പ്രസവ വാർഡ് കണ്ടാൽ പ്രസവം നിർത്തിയ സ്ത്രീകൾ വരെ വീണ്ടും പ്രസവിക്കുമെന്നും ജയരാജൻ പറഞ്ഞു.

വെറുതെ ബഡായി പറയുന്നതല്ല, ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ നയം കൊണ്ട് ആശുപത്രികൾ മെച്ചപ്പെട്ടു, ഡോക്ടറുണ്ടായി, മരുന്നുണ്ടായി. ആശുപത്രികള്‍ അങ്ങനെ മെച്ചപ്പെട്ട ഒറ്റ കാരണം കൊണ്ടാണ് കൊവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടത് അദ്ദേഹം തുടർന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും ജയരാജൻ പ്രതികരിച്ചു. ചരിത്ര പണ്ഡിതനായ ഡോഃ ഇർഫാൻ ഹബീബിനെ ഗുണ്ട എന്ന് വിളിച്ച ഗവർണർക്കാണ് ആ പേര് ചേരുന്നതെന്നും, വീണ്ടും ജയിലിൽ പോകാൻ സമയമില്ലാത്തതിനാലാണത് ചെയ്യാത്തതെന്നും ജയരാജൻ തുടർന്നു.

കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് ധീരജിനായി സി പി എം ഇടുക്കി ജില്ല കമ്മിറ്റി ഒരു കോടി അൻപത്തിയെട്ട് ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഈ തുക മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ധീരജിന്റെ കുടുംബാംഗങ്ങൾക്കും സംഘർഷത്തിൽ പരുക്കേറ്റ ധീരജിന്റെ സഹപാഠികളായ അമലിനും അഭിജിത്തിനും കൈമാറിയിരുന്നു. ധീരജിനായി ചെറുതോണിയിൽ സ്ഥാപിക്കുന്ന സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.