 അങ്കിത ഭണ്ഡാരിയുടെ മരണം:...... മുമ്പ് കാണാതായ പ്രിയങ്കയെ കുറിച്ചും അന്വേഷണം

Tuesday 27 September 2022 12:02 AM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ടതിന് പിന്നാലെ എട്ട് മാസം മുമ്പ് ഇവിടെ നിന്ന് കാണാതായ പ്രിയങ്കയെക്കുറിച്ചും പൊലീസ് അന്വേഷിക്കും. അങ്കിതയുടെ നാടായ പൗരി ഗഡ്വാളിൽ നിന്നുള്ള പെൺകുട്ടിയെ കാണാതായപ്പോൾ തന്റെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈവശപ്പെടുത്തി ഒളിച്ചോടിയെന്നാണ് റിസോർട്ട് ഉടമയായ പുൽകിത് ആര്യ അന്ന് മൊഴി നൽകിയത്.

അങ്കിതയുടെ കൊലപാതകത്തെ തുടർന്ന് ഈ കേസിലും പൊലീസ് അന്വേഷണത്തിന് ഉത്തരവായത്. അതേസമയം മുങ്ങി മരിച്ചതാണെങ്കിലും അങ്കിതയുടെ മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്ത് വിടണമെന്ന കുടുംബത്തിന്റെ ആവശ്യം പൗരി ജില്ലാ മജിസ്ട്രേറ്റ് അനുവദിച്ചില്ല. സ്വന്തം ഭാവിയെ കുറിച്ചും കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിനെ കുറിച്ചും ആവേശത്തോടെയായിരുന്നു അങ്കിത സംസാരിച്ചിരുന്നതെന്ന് ബാല്യകാല സുഹൃത്തുക്കൾ പറയുന്നു. കുടുംബത്തെ സഹായിക്കാനായിരുന്നു അങ്കിത പൗരിയിലെ മലമ്പ്രദേശത്തെ പാവപ്പെട്ട കുടുംബത്തിൽ നിന്ന് ജോലിക്കായി പുറത്ത് പോയതെന്നും അവർ വ്യക്തമാക്കി.

 അവസാനമായി കാണാൻ അനുവദിച്ചില്ല

അങ്കിതയുടെ മൃതദേഹം അവസാനമായി ഒന്ന് കാണാൻ സമ്മതിച്ചില്ലെന്ന് മാതാവിന്റെ പാരാതി. ധൃതിയിലാണ് മൃതദേഹം സംസ്കരിച്ചത്. മകളുടെ അടുത്തേക്കാണെന്ന് പറഞ്ഞ് അധികൃതർ കൊണ്ട് പോയത് ആശുപത്രിയിലേക്കാണ്. ഭർത്താവിനെ അവർ ബലമായി പിടിച്ചു കൊണ്ടുപോയി. തന്റെ ഞരമ്പിലേക്ക് കുത്തിവയ്ച്ചു. പിന്നീട് ഒരു വീഡിയോയും റിക്കാർഡ് ചെയ്തു. മകളുടെ സംസ്കാരച്ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. അധികാരികൾ ചതിച്ചെന്നും അവർ പറഞ്ഞു.

Advertisement
Advertisement