എസ് ഡി പി ഐയെ നിരോധിച്ചതു കൊണ്ട് കാര്യമില്ല, വർഗീയത ശക്തിപ്പെടും,​ വർഗീയത ആളിക്കത്തിക്കേണ്ടത് ആർ എസ് എസിന്റെ ആവശ്യമെന്ന് എം വി ഗോവിന്ദൻ

Monday 26 September 2022 11:04 PM IST

തിരുവനന്തപുരം: എസ്.ഡി.പി.ഐയെ നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നിരോധനം കൊണ്ട് തീവ്രവാദ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല. നിരോധനത്തിന്റെ ഫലമായി വർഗീയത കൂടുതൽ ശക്തിപ്പെടുും. വർഗീയത ആളിക്കത്തിക്കേണ്ടത് ആർ.എസ്.എസിന്റെ ആവശ്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കാട്ടക്കടയിൽ സി.ഐ.ടി.യു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെയെങ്കിലും നിരോധിച്ചത് കൊണ്ട് മാത്രം ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഇല്ലാതാക്കാൻ കഴിയില്ല. അതിന്റെ ഒരു ഭാഗം മാത്രം നിരോധിക്കാൻ പുറപ്പെട്ടാൽ അനന്തരഫലമായി വർഗീയത കൂടുതൽ ശക്തിപ്പെടും. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയ്ക്ക് എതിരായിട്ടും ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയ്ക്ക് എതിരായിട്ടും പറയുന്നു . രണ്ടുവിഭാഗവും ആക്രമിക്കുന്നത് കേരള സർക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിലും മറ്റ് കേന്ദ്രങ്ങളിലും എൻ,​ഐ,​എയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.