മെലോനി ഇറ്റലിയുടെ വനിതാ പ്രധാനമന്ത്രി

Monday 26 September 2022 11:26 PM IST

റോം: ഇറ്റലിയിലെ പൊതുതിരഞ്ഞെടുപ്പിൽ ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടിയുടെ തീപ്പൊരി നേതാവ് ജോർജിയ മെലോനി നയിച്ച വലതുപക്ഷ സഖ്യം വിജയത്തിലേക്ക് . സഖ്യത്തിൽ ദേശീയവാദികളായ ബ്രദേഴ്സ് ഒഫ് ഇറ്റലിക്കു പുറമേ, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ ' ഫോർസ ഇറ്റാലിയ", മുൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ 'ലീഗ് " എന്നിവ ഉൾപ്പെടുന്ന കക്ഷികളാണുള്ളത്.

പാർലമെന്റിലെ ഭൂരിപക്ഷത്തിന് പുറമേ,

മുന്നണിയിൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ച കക്ഷിയുടെ നേതാവെന്ന നിലയിലാണ് മെലോനി പ്രധാനമന്ത്രിയാവുന്നത്. 400 അംഗ ചേമ്പർ ഒഫ് ഡെപ്യൂട്ടിയിലേക്കും 200 അംഗ സെനറ്റ് ഒഫ് റിപ്പബ്ളിക്കിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. റീകൗണ്ടിംഗ് ഉൾപ്പെടെയുള്ള വോട്ടെണ്ണൽ നടപടികൾ ഈ ആഴ്ച അവസാനം വരെ നീളും.

പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുടെ മന്ത്രിസഭയിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന ഫൈവ് സ്റ്റാർ മൂവ്മെന്റ് തങ്ങളുടെ പിന്തുണ പിൻവലിച്ചതോടെയാണ് ജൂലായിൽ രാജിവച്ചതും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഭരണത്തിലെത്തുന്ന ഏറ്റവും വലിയ മദ്ധ്യ വലതുപക്ഷ സഖ്യ സർക്കാരിനും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയ്ക്കുമായുള്ള തിരഞ്ഞെടുപ്പിനാണ് ഇറ്റാലിയൻ ജനത വഴിയൊരുക്കിയത്.

ഒക്ടോബർ 13ന് പുതിയ പാർലമെന്റ് ചേരും. ഇതിന് ശേഷം പ്രസിഡന്റ് സെർജിയോ മാറ്ററെല്ല

കക്ഷി നേതാക്കളുമായി സർക്കാർ രൂപീകരണ ചർച്ചകൾ നടത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 25 ദിവസമെങ്കിലും കഴിഞ്ഞ ശേഷമേ പുതിയ സർക്കാർ അധികാരത്തിലേറൂ എന്നാണ് കരുതുന്നത്.

അതുവരെ ഡ്രാഗി അധികാരത്തിൽ തുടരും.

ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽ.ജി.ബി.ടി.ക്യൂ സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന മുൻ അമേരിക്കൻ പ്രസിഡന്റ്ഡോ ണാൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാല്പത്തിയഞ്ചുകാരിയായ മെലോനി.

ഇറ്റാലിയൻ ഫാസിസ്റ്റ് നേതാവായ ബെനിറ്റോ മുസ്സോളിനിക്ക് ശേഷം രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തിൽ വരികയെന്നാണ് വിലയിരുത്തൽ. മുൻ യുവജന മന്ത്രിയായ മെലോനിയുടെ ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടിക്ക് ഫാസിസ്റ്റ് വേരുകളാണുള്ളത്. ബാറിൽ അടക്കം ജോലി ചെയ്ത് ജീവിതത്തിന്റെ താഴെത്തട്ടിൽ നിന്ന് രാഷ്ട്രീയനേതാവായി വളർന്ന വ്യക്തിയാണ് മെലോനി.

Advertisement
Advertisement