കടുത്ത യാഥാസ്ഥിതിക വാദി

Monday 26 September 2022 11:46 PM IST

റോം: റോമിലെ തൊഴിലാളികൾ വസിക്കുന്ന ഗാർബറ്റെല്ലയിൽ 1977 ജനുവരി 15നാണ് പത്രപ്രവർത്തക കൂടിയായ ജോർജിയ മെലോനിയുടെ ജനനം. പിതാവ് സാർഡിനിയക്കാരനും മാതാവ് സിസിലിക്കാരിയും. ടാക്സ് അഡ്വൈസർ ആയിരുന്ന പിതാവ് മെലോനിക്ക് 11 വയസുള്ളപ്പോൾ വീട് വിട്ടുപോയി. തുടർന്ന് കുടുംബം കാനരി ദ്വീപിലേക്ക് താമസം മാറി. 15 വയസിൽ നവ ഫാസിസ്റ്റ് സംഘടനയായ ഇറ്റാലിയൻ സോഷ്യൽ മൂവ്മെന്റിൽ അംഗമായി. 1996ൽ നാഷണൽ അലയൻസിന്റെ സ്റ്റുഡന്റ് ആക്ഷന്റെ ദേശീയ നേതാവായി. 1998 ൽ റോമിന്റെ പ്രാദേശിക കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2002 വരെ ആ പദവിയിൽ തുടർന്നു.

2006 മുതൽ പാർലമെന്റംഗം. ആ വർഷം തന്നെ പത്രപ്രവർത്തന ജീവിതവും ആരംഭിച്ചു. 2012ൽ ല റസ്സയ്ക്കും ക്രാെസെറ്റയ്ക്കുമൊപ്പം ചേർന്ന് ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടി രൂപീകരിച്ചു.

2014 മുതൽ ബ്രദേഴ്സ് ഒഫ് ഇറ്റലിയുടെ അമരത്ത്. മുസ്സോളിനിയുടെ ഭരണകാലത്ത് മന്ത്രിയായിരുന്ന അൽമിരാന്റ സ്ഥാപിച്ച നവഫാസിസ്റ്റ് സംഘടനയായ ഇറ്റാലിയൻ സോഷ്യൽ മൂവ്മെന്റിന്റെ പിന്തുടർച്ചക്കാരാണ് ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടി. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഡ്രാഗിയുടെ നാഷണൽ യൂണിറ്റി സർക്കാരിന്റെ ഭാഗമാകാൻ ക്ഷണിച്ചിരുന്നെങ്കിലും മെലോനി നിരസിച്ചു.

കൂട്ടത്തോടെയുള്ള കുടിയേറ്റം, ഗർഭച്ഛിദ്രം, സ്വവർഗ്ഗാനുരാഗം-വിവാഹം-കുട്ടികളെ സംരക്ഷിക്കൽ തുടങ്ങിയവയെ എതിർക്കുന്ന കടുത്ത യാഥാസ്ഥിതിക ചിന്താഗതിയാണ് ജോർജിയക്കുള്ളതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂണിൽ സ്പെയിനിലെ മാർബെല്ലയിൽ വലത്പക്ഷ പാർട്ടി നടത്തിയ റാലിയിൽ മെലോനിയുടെ 'സ്വാഭാവിക കുടുംബം മതി, എൽ.ജി.ബി.ടി ലോബി വേണ്ട' എന്ന സ്വരം മുഴങ്ങുകയുണ്ടായി.

ഇറ്റലിയുടെ ഭരണഘടനയിൽ വേണ്ടത് ഇറ്റാലിയൻ നിയമങ്ങളാണെന്നും യൂറോപ്യൻ നിയമങ്ങളല്ലെന്നുമുള്ള അഭിപ്രായമാണ് മെലോനിക്കുള്ളത്. വോട്ടിംഗിലൂടെ ജനങ്ങൾ അവരുടെ താത്പര്യമാണ് പ്രകടിപ്പിച്ചത്. സർക്കാർ രൂപീകരിക്കാനുള്ള അധികാരമാണ് ജനങ്ങൾ തന്നിട്ടുള്ളത്. എങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെ താത്പര്യങ്ങളെ മാനിക്കുമെന്നും 'ഇറ്റലിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാമെന്ന പ്രത്യാശയാണുള്ളത്" എന്നുമായിരുന്നു മെലോനിയുടെ പ്രസ്താവന.

ബെർലുസ്കോണിയുടെ മീഡിയ സെറ്റ് ടിവി ചാനലിൽ പ്രവർത്തിക്കുന്ന ആൻഡ്രിയ ഗിയാബ്രൂണോ ആണ് ജീവിതപങ്കാളി. മകൾ. ജിനേവ്ര.