ഭാരത് ജോഡോ യാത്രയ്‌ക്കിടെ വിട്ടൊഴിയാതെ പ്രതിസന്ധികൾ

Tuesday 27 September 2022 1:49 AM IST

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രസർക്കാരിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും പാർട്ടി ശക്തിപ്പെടുത്താനും രാഹുൽ ഗാന്ധി നടത്തി വരുന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യങ്ങൾക്ക് തുരങ്കം വയ്‌ക്കുന്ന തിരിച്ചടികളാണ് കോൺഗ്രസിന് നേരിടേണ്ടി വരുന്നത്.

ഭാരത് ജോഡോ യാത്ര ഏഴാം ദിവസത്തിലെത്തിയപ്പോഴാണ് ഗോവയിൽ ആകെയുണ്ടായിരുന്ന 11 എം.എൽ.എമാരിൽ എട്ടും ബി.ജെ.പിയിൽ ചേർന്നത്. മുൻമുഖ്യമന്ത്രി ദിഗംബർ കാമത്തും മുൻ പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോയും ബി.ജെ.പിയിലേക്ക് ചാടാൻ തയ്യാറെടുത്ത് നിൽക്കുകയാണെന്ന് കോൺഗ്രസിന് അറിയാമായിരുന്നു. എങ്കിലും ഭാരത് ജോഡോ യാത്രയ്‌ക്കിടെ അതു സംഭവിച്ചത് നാണക്കേടായി.

നേരത്തെ പാർട്ടി വിട്ടതാണെങ്കിലും മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌ടൻ അമരീന്ദർ സിംഗും പിന്നാലെ ബി.ജെ.പിയിൽ ചേർന്നത് കോൺഗ്രസിന്റെ കുറ്റങ്ങൾ ഉറക്കെ പറഞ്ഞാണ്.

പാർട്ടി അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട രാജസ്ഥാനിലെ സംഭവ വികാസങ്ങളാണ് ഏറ്റവുമൊടുവിൽ തലവേദനയാകുന്നത്. വിശ്വസ്‌തനായ ഗെലോട്ടിനെ അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും അടുത്ത സുഹൃത്തായ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനായിരുന്നു പദ്ധതി. എന്നാൽ പാർട്ടിക്കെതിരെ കലാപം നടത്തിയ ആളെ മുഖ്യമന്ത്രിയാക്കരുതെന്ന, ഗെലോട്ടിനെ പിന്തുണയ്‌ക്കുന്ന ഭൂരിപക്ഷം എം.എൽ.എമാരുടെയും നിലപാട് തിരിച്ചടിയായി. ഇവരെ എതിർത്ത് സച്ചിനെ മുഖ്യമന്ത്രിയാക്കിയാൽ സംസ്ഥാന ഭരണം നഷ്‌ടപ്പെട്ടേക്കാമെന്ന സാഹചര്യവും മുന്നിലുണ്ട്.

Advertisement
Advertisement