അഫ്ഗാനിലെ സിക്ക് അഭയാർത്ഥികളെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചു

Tuesday 27 September 2022 1:15 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 55 സിക്കുകാരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു. വേൾഡ് പഞ്ചാബി ഒാർഗനൈസേഷൻ പ്രസിഡന്റും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ അംഗവുമായ വിക്രംജിത്ത് സിംഗ് സാഹ്നി അഭയാർത്ഥികളെ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ സ്വീകരിച്ചു.

അരിയാന അഫ്ഗാന്റെ പ്രത്യേക വിമാനത്തിലാണ് കാബൂൾ, ജലാലബാദ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന സിക്കുകാരെ ഇന്ത്യയിലെത്തിച്ചത്. ഇവർക്ക് വിസ അനുവദിച്ച ഇന്ത്യൻ ഗവൺമെന്റിനെ വിക്രംജിത്ത് സിംഗ് സാഹ്നി നന്ദി അറിയിച്ചു. 'ഞങ്ങളുടെ കുടുംബം ഞങ്ങളുടെ ഉത്തരവാദിത്വം" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവരെ പുനരധിവസിപ്പിക്കുമെന്നും ഹിന്ദു, സിക്ക് വിഭാഗങ്ങളിൽ പെട്ട 543 പേരെ ഇതുവരെ എല്ലാ സൗകര്യങ്ങളും നൽകി പശ്ചിമഡൽഹിയിൽ താമസിപ്പിച്ചതായും സാഹ്നി അറിയിച്ചു. ഇവർക്ക് പ്രതിമാസ ചെലവ്, വീട്ടുവാടക, ചികിത്സാചെലവ് മുതലായവ നൽകും.

ഇ-വിസ അനുവദിച്ച ഇന്ത്യൻ സർക്കാരിനും മറ്റ് സൗകര്യങ്ങൾ ഒരുക്കിയവർക്കും അഫ്ഗാനിൽ നിന്നെത്തിയ സംഘത്തിലൊരാളായ ബൽജിത്ത് സിംഗ് നന്ദി പറഞ്ഞു. 'അഫ്ഗാനിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ അത്ര മെച്ചമല്ല. എന്നെ നാലു മാസം താലിബാൻ ജയിലിൽ അടച്ചു. അവർ ഞങ്ങളെ ചതിക്കുകയായിരുന്നു. ജയിലിൽ അവർ ഞങ്ങളുടെ മുടി മുറിച്ചു. ഇനിയും കുറേപ്പേർ വരാനുണ്ട്. അവർ താമസിയാതെ എത്തുമെന്ന് കരുതുന്നു.""-ബൽജിത്ത്സിംഗ് പറഞ്ഞു.

താലിബാൻ ഭരണമേറ്റെടുത്തതിന് പിന്നാലെ സിക്കുകാർക്കും ഹിന്ദുക്കൾക്കുമെതിരെ തുടരെ ആക്രമണങ്ങളുണ്ടായി. കഴിഞ്ഞ ജൂണിൽ ഇസ്ളാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രൊവിൻസ് (ഐ.എസ്.കെ.പി.) കാർത്തേ കാബൂളിലെ പർവൺ ഗുരുദ്വാരക്ക് നേരെ നടത്തിയ ആക്രമണത്തിൽ അമ്പതിലേറെ പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരുപതോളം വരുന്ന ഭീകരർ കാർത്തെ പർവൺ ജില്ലയിലെ ഒരു ഗുരുദ്വാരയിൽ അതിക്രമിച്ചു കയറി ഗാർഡുകളെ കെട്ടിയിട്ടു. 2020 മാർച്ചിൽ കാബൂളിലെ ഷോർട്ട് ബസാറിലെ ശ്രീ ഗുരു ഹർ റായി സാഹിബ് ഗുരുദ്വാരയ്ക്കെതിരെ നടത്തിയ ആക്രമണത്തിൽ 27 സിക്കുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐസിസ് ഭീകരർ ആയിരുന്നു ആക്രമണത്തിന് പിന്നിൽ.

Advertisement
Advertisement