ഭർത്താവിനെ പരിചരിക്കാനെത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പ്രസവിച്ചപ്പോൾ കുഞ്ഞിനെ ആവശ്യപ്പെട്ടു, 35കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ 

Tuesday 27 September 2022 10:11 AM IST

തൃക്കരിപ്പൂർ: ബന്ധുവായ ഭർതൃമതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 42 കാരനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മണിയനൊടി അബൂബക്കർ മൻസിലിലെ ടി. ഹാരിസിനെയാണ് എസ്.ഐ എം.വി. ശ്രീദാസ് അറസ്റ്റുചെയ്തത്. പയ്യന്നൂർ കവ്വായി സ്വദേശിയാണിയാൾ.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 35 കാരി ആണ് ഹാരിസ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി കാണിച്ച് പൊലീസിൽ പരാതി നൽകിയത്. അസുഖബാധിതനായ ഭർത്താവിനെ സഹായിക്കാനെന്ന പേരിൽ ഒപ്പംകൂടി യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഭർത്താവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തോടെയാണ് യുവതി ഇയാൾക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർക്ക് പരാതി നൽകിയത്.

മഹാരാഷ്ട്രയിൽ ബിസിനസുകാരനെന്ന് പറയപ്പെടുന്ന ഇയാൾ മഹാരാഷ്ട്രയിലെ ബി.ജെ.പി എംപിയുടെ പേഴ്സണൽ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ആളുകളെ വിരട്ടാറുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.