അഞ്ച് ദിവസം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട യുവാവിന്റെ കാർ ഡൽഹി സെക്ടർ 18 മാർക്കറ്റിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്  

Tuesday 27 September 2022 11:25 AM IST

ചണ്ഡീഗഢ് : അഞ്ച് ദിവസം മുമ്പ് ചണ്ഡീഗഢിലെ കൈംബ്വാല ഗ്രാമത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിന്റെ കാർ ഡൽഹിയിൽ നിന്നും കണ്ടെടുത്തു. റിയൽ എസ്റ്റേറ്റ് ഏജന്റായ പുനീത് സോണിയാണ് മരണപ്പെട്ടത്. ഇയാളുടെ വെളുത്ത ഹോണ്ട സിവിക് കാർ ഡൽഹിയിലെ സെക്ടർ 18 മാർക്കറ്റിൽ നിന്നുമാണ് കണ്ടെടുത്തത്. പഞ്ചാബ് രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റാണ് കാറിനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് പൊലീസ് കാർ കണ്ടെടുത്തത്.

മൊഹാലിയിലെ സെക്ടർ 35 ലെ ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സോണിയുടെ മൃതദേഹം ഗ്രാമപ്രദേശത്ത് നിന്നുമാണ് ലഭിച്ചത്. പഞ്ചാബികളായ രണ്ട് സ്ത്രീകൾ വാടകയ്ക്ക് താമസിച്ചിരുന്ന ഇടത്താണ് മൃതദേഹം കണ്ടെത്തിയത്. സോണി മരണപ്പെട്ട ദിവസം മുതൽ ഇയാളുടെ കാറും കാണാതായിരുന്നു. ഇതാണ് പൊലീസ് കാറിനെ കുറിച്ച് അന്വേഷിക്കാൻ കാരണം. സോണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.