ഒതുക്കാൻ നോക്കണ്ട, സംസ്ഥാന സെക്രട്ടറിയായി തുടരാൻ ആക്രാന്തമെന്തിനെന്ന് സി ദിവാകരൻ; മറുപടിയുമായി കാനം രാജേന്ദ്രൻ

Tuesday 27 September 2022 12:56 PM IST

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറിയായി തുടരാൻ കാനം രാജേന്ദ്രന് ആക്രാന്തമെന്തിനെന്ന് മുതിർന്ന നേതാവ് സി ദിവാകരൻ. കാനം തന്നേക്കാൾ ജൂനിയറാണെന്നും ഒതുക്കാൻ നോക്കേണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്നും ദിവാകരൻ പറഞ്ഞു. കാനം രാജേന്ദ്രൻ തന്നേക്കാൽ ജൂനിയറാണ്. പ്രായപരിധി നിർദേശം അംഗീകരിക്കില്ല. പ്രായ പരിധി ഏതോ ഗൂഢസംഘത്തിന്റെ തീരുമാനമാണ്. ഇതിന് ഭരണഘടനാ സാധുതയില്ല. തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സി ദിവാകരൻ പറഞ്ഞത് സംഘടനാ വിരുദ്ധമാണെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. പ്രായപരിധി തീരുമാനിച്ചത് പാർട്ടി ദേശീയ കൗൺസിലാണ്. പ്രായം കൊണ്ട് താൻ ജൂനിയറാണ്. പക്ഷേ സംഘടനയിൽ അല്ല. മത്സരമുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സമ്മേളനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രായപരിധി നടപ്പാക്കുന്നത് ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ല. അത് ദിവാകരന്റെ കുറ്റമാണ്. താഴെത്തട്ടിലുള്ള സമ്മേളനങ്ങളിൽ പ്രായപരിധി നടപ്പാക്കിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടറിക്ക് മൂന്നുതവണ തുടരാമെന്ന് പാർട്ടി ഭരണഘടനയിലുണ്ട്. നാലാം തവണയും വരണമെങ്കിൽ നാലിൽ മൂന്ന് ഭൂരിപക്ഷം വേണമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.