വിദ്യാർത്ഥിനിയ്ക്ക് നേരെ ഊബർ ഓട്ടോ ഡ്രൈവ‌റുടെ ലൈംഗികാതിക്രമം, ഫോട്ടോ അടക്കം ട്വിറ്ററിൽ പങ്കുവെച്ച് യുവതി

Tuesday 27 September 2022 7:21 PM IST

ചെന്നൈ: കോളേ‌ജ് വിദ്യാർത്ഥിനിയ്ക്ക് നേരെ ചെന്നൈയിൽ ലൈംഗിക അതിക്രമം നടത്തി ഊബർ ഓട്ടേ ഡ്രൈവർ. ഞായറാഴ്ച രാത്രിയുണ്ടായ സംഭവം വിദ്യാർത്ഥിനി തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. ജേണലിസം വിദ്യാർത്ഥിനിയായ യുവതി സുഹൃത്തിനെ സന്ദർശിച്ച് താമസസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടയിലാണ് പീഡനശ്രമമുണ്ടായത്.

യുവതിയുടെ ട്വീറ്റ് അനുസരിച്ച് , ഐബിസ് ഒഎംആർ ഹോട്ടലിന് സമീപമെത്തിയപ്പോഴാണ് സെൽവൻ എന്ന ഓട്ടോ ഡ്രൈവർ കടന്ന് പിടിച്ചത്. ആദ്യം ഒന്ന് ഭയന്ന യുവതിയും സുഹൃത്തും തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവർ കുതറിമാറി രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം ഇയാൾ ഉപേക്ഷിച്ച് പോയ ഓട്ടോയുടെ ദൃശ്യങ്ങളടക്കം തമിഴ്നാട് പൊലീസിനെ ടാഗ് ചെയ്ത ട്വീറ്റിൽ യുവതി പങ്കുവെച്ചിരുന്നു.

ട്വീറ്റിനോട് ഉടനടി പ്രതികരിച്ച പൊലീസ് അരമണിക്കൂറിനുള്ളിൽ സംഭവസ്ഥലത്തെത്തി ചേർന്നു. എന്നാൽ വനിത പൊലീസുകാരുടെ അഭാവത്തിൽ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ എഫ് ഐ ആർ ഫയൽ ചെയ്യാൻ രാവിലെ വരെ കാത്തിരിക്കേണ്ടി വന്നതായി യുവതി വ്യക്തമാക്കി. ഓട്ടോ ബുക്ക് ചെയ്ത വിവരങ്ങളടക്കമുള്ല യുവതിയുടെ ട്വീറ്റിന് താഴെ സമാന അനുഭവങ്ങൾ നേരിട്ടവരടക്കം നിരവധിപേർ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിൽ കേസെടുത്ത താംബരം പൊലീസ് പ്രതിയ്ക്കായുള്ള അന്വേഷണത്തിലാണ്. ലൈംഗികാതിക്രമ വിവരം പങ്കുവെച്ചുകൊണ്ടുള്ള യുവതിയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ ഊബർ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.