സ്കൂൾ സമയമാറ്റം ; എതിർക്കും മുൻപ് ചിന്തിക്കാം

Wednesday 28 September 2022 12:00 AM IST

കേരളത്തിലെ വിദ്യാഭ്യാസപരിഷ്കരണ നിർദ്ദേശങ്ങളടങ്ങുന്ന എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ അദ്ധ്യാപക വിദ്യാഭ്യാസം, സ്കൂൾ ഉച്ചഭക്ഷണപരിപാടി, പൊതുപരീക്ഷ, തസ്തിക നിർണയം, പ്രൊമോഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുണ്ട്. സ്കൂൾ സമയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശമാണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കാനാണ് നിർദ്ദേശം. അഞ്ച് മുതൽ 12 വരെ ക്ളാസുകളിലെ കുട്ടികൾക്ക് രണ്ടുമണി മുതൽ നാലുമണിവരെ ലൈബ്രറി പ്രവർത്തനങ്ങൾ, തൊഴിൽപരിശീലനം, കലാ - കായിക പരിശീലനങ്ങൾ തുടങ്ങിയ പഠനാനുബന്ധ പ്രവർത്തനങ്ങളും നടത്താം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ എന്ന നിലവിലെ സമയക്രമം ഇത്തരം പഠനാനുബന്ധ പ്രവർത്തനങ്ങൾക്കോ കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾക്കോ സഹായകമല്ല.

ഗൗരവമായി

പരിഗണിക്കണം

സമയത്തിൽ മാറ്റം വരുത്താനുണ്ടായ സാഹചര്യങ്ങൾ സംബന്ധിച്ച് അക്കാ‌ഡമികമായ ചർച്ച അനിവാര്യമാണ്. കുട്ടികളുടെ പഠനത്തിന് ഏറ്റവും ഉചിതമായ സമയം പ്രഭാതത്തിനോടു ചേർന്നുള്ള സമയമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധരുടെയും മനഃശാസ്ത്രജ്ഞരുടെയും അഭിപ്രായം. നീണ്ട ഉറക്കത്തിനുശേഷം പുതിയ അനുഭവങ്ങളെ സ്വീകരിക്കാനും ചിന്തകളെ ഉദ്ദീപിപ്പിക്കാനും മനസ് പാകമായിരിക്കുന്ന സമയമാണിത്. പ്രഭാതം കഴിയും മുൻപ് പഠനം തുടങ്ങിയാൽ കുട്ടികൾക്ക് അത് കൂടുതൽ ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല.

റിപ്പോർട്ട് പ്രകാരം ഉച്ചയ്ക്കുശേഷമുള്ള സമയം കുട്ടികളുടെ സർഗശേഷി വികാസത്തിനും തൊഴിൽ - കായികശേഷി വികാസത്തിനുമായി നീക്കിവച്ചാൽ കുട്ടിയുടെ വിദ്യാഭ്യാസം കൂടുതൽ അർത്ഥപൂർണമാവും. ഉച്ചയ്ക്ക് ശേഷമുള്ള കുറേസമയം അദ്ധ്യാപകർക്ക് അടുത്ത ദിവസത്തേക്കുള്ള പഠനാസൂത്രണവും തയ്യാറെടുപ്പും നടത്താനും ഉപകരിക്കും. സംസ്ഥാനത്തെ ഓഫീസുകളും സ്കൂളുകളും പ്രവർത്തനമാരംഭിക്കുന്നത് ഏതാണ്ട് ഒരേസമയത്താണല്ലോ. ഈ സമയം റോഡുകളിലെ ഗതാഗതത്തിരക്കും മാർഗതടസവും വളരെ രൂക്ഷമാണ്. തിരക്കേറിയ റോഡുകളിൽ അപകടങ്ങളും മരണങ്ങളും കൂടിവരുന്നു. സ്കൂളുകളുടെ പ്രവർത്തനം എട്ടുമണിയിലേക്ക് മാറുമ്പോൾ ഇക്കാര്യത്തിൽ ഒരുപരിധിവരെ ആശ്വാസമുണ്ടാകും.

ലോകമെമ്പാടുമുള്ള

സമയക്രമം

ബ്രസീലിൽ രാവിലെ ശരാശരി ഏഴ് മണിക്കും ചൈനയിൽ 7.30നും പഠനം ആരംഭിക്കും. ചിലി, കെനിയ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ രാവിലെ എട്ടിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

രാവിലെയുള്ള ക്ളാസ് ഇന്ത്യയിലും ഇപ്പോൾ പുതിയ കാര്യമല്ല. ജാർഖണ്ഡിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയും, ബീഹാറിൽ 6.30 മുതൽ 11.30 വരെയും, ഹരിയാനയിൽ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പഠനസമയം. രാജസ്ഥാൻ (7.30 - 11), ആന്ധ്രപ്രദേശ് (7.30 - 11.30) എന്നീ സംസ്ഥാനങ്ങളിലും കേരളത്തേക്കാൾ വളരെ മുമ്പുതന്നെ കുട്ടികളുടെ പഠനം ആരംഭിക്കുന്നു. മുമ്പുപറഞ്ഞ കാരണങ്ങൾ കൂടാതെ കഠിനമായ കാലാവസ്ഥ കൂടി പരിഗണിച്ചാണ് ഈ സമയക്രമീകരണം നടപ്പാക്കിയിട്ടുള്ളത്.

മതാധിഷ്ഠിത ചർച്ച

അപകടകരം

വിദ്യാലയങ്ങളുടെ പ്രവർത്തന സമയമാറ്റം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾക്കും തുടക്കത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം. രാവിലെ കുട്ടികളെ സജ്ജരാക്കൽ, വിദ്യാലയങ്ങളിലെ വാഹനക്രമീകരണം, അദ്ധ്യാപകരുടെ പ്രവർത്തന സമയം തുടങ്ങിയവ അതിൽ ചിലതാണ്. ഇവ നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തിയാൽ പരിഹരിക്കാവുന്നതേയുള്ളൂ. മറ്റു ചിലത് വിദ്യാഭ്യാസവകുപ്പും സ്കൂൾ പി.ടി.എക്കും പരിഹരിക്കാൻ കഴിയും. ഏത് വിദ്യാഭ്യാസ പരിഷ്കരണ സമയത്തും ഇത്തരം പ്രശ്നങ്ങൾക്ക് കേരളം ഉത്തരം കണ്ടെത്തിയിട്ടുണ്ട് . കുട്ടിയുടെ വിദ്യാഭ്യാസം മെച്ചപ്പെടാൻ വേണ്ടിയാണ് ഈ പരിഷ്കാരങ്ങൾ എന്ന ചിന്ത ഉണ്ടായാൽ മാത്രം മതി എതിർപ്പുകൾ താനേ കെട്ടടങ്ങും. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച ദിവസം മുതൽ അനഭിലഷണീയമായ ചർച്ചകൾ തുടങ്ങിയത് നിർഭാഗ്യകരമാണ്.

കമ്മിറ്റി നിർദ്ദേശത്തിന്റെ സദുദ്ദേശ്യം മനസിലാക്കി മതപഠന ക്ളാസുകളുടെ സമയക്രമീകരണത്തിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. കാരണം, നമ്മുടെ കുട്ടികൾക്ക് വേണ്ടിയുള്ളതാണ് വിദ്യാഭ്യാസരംഗത്തെ ഈ പരിഷ്കാരങ്ങൾ. അവരുടെ ഭാവിക്ക് ഗുണകരമാകുന്നത് നാം തള്ളിക്കളയരുത്.

(ലേഖകൻ വിദ്യാഭ്യാസ പ്രവർത്തകനും പത്തനംതിട്ട ഡയറ്റ് റിട്ട. പ്രിൻസിപ്പലുമാണ്)

Advertisement
Advertisement