വീഴ്‌ചകൾ ഒഴിയാതെ കോൺഗ്രസ്

Wednesday 28 September 2022 12:00 AM IST

മൂന്നുവർഷമായി സ്ഥിരം അദ്ധ്യക്ഷനില്ലാതെ പ്രവർത്തിക്കുന്ന കോൺഗ്രസ് പാർട്ടി വലിയൊരു പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും സ്ഥാനാർത്ഥി ആരാകണമെന്ന് നേതൃത്വം ഏതാണ്ട് ഉറപ്പിക്കുകയും ചെയ്ത ഘട്ടത്തിലാണ് അപ്രതീക്ഷിതമായി കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞിരിക്കുന്നത്. പാർട്ടിയിലെ സീനിയർ നേതാക്കളിലൊരാളും നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനെ അദ്ധ്യക്ഷനാക്കാനാണ് പാർട്ടി നേതൃത്വം ആഗ്രഹിച്ചത്. അതനുസരിച്ച് ആലോചന മുറുകുന്നതിനിടയിലാണ് ഗെലോട്ട് ഉപാധികൾ ഉന്നയിച്ച് നേതൃത്വത്തെ കുഴപ്പിച്ചത്. പാർട്ടി അദ്ധ്യക്ഷസ്ഥാനത്തിനൊപ്പം മുഖ്യമന്ത്രിപദം കൂടി വഹിക്കാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം ഗെലോട്ടിനായി മാറ്റാൻ പറ്റില്ലെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുത്തതോടെ മുഖ്യമന്ത്രി പദമൊഴിയാൻ മനസില്ലാമനസോടെ ഗെലോട്ട് സന്നദ്ധത പ്രകടിപ്പിച്ചതാണ്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പണം ആരംഭിച്ചദിവസം തന്നെ നേതൃത്വത്തെ മാത്രമല്ല സാധാരണ കോൺഗ്രസ് പ്രവർത്തകരെയും അമ്പരപ്പിച്ചുകൊണ്ട് ഗെലോട്ട് പുതിയ തന്ത്രവുമായി രംഗത്തുവന്നു. തന്റെ പിൻഗാമിയായി സചിൻ പൈലറ്റ് വരുന്നത് തടയാൻ നിയമസഭാ കക്ഷിയോഗം വിളിച്ചുകൂട്ടി വിമതനീക്കം നടത്തുകയായിരുന്നു അദ്ദേഹം. പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ ഒറ്റക്കെട്ടായി നിയമസഭാംഗത്വം തന്നെ രാജിവയ്ക്കുമെന്ന് 97 കോൺഗ്രസ് എം.എൽ.എമാർ ഭീഷണി മുഴക്കി. ഗെലോട്ടാണ് ഈ കലാപത്തിനു പിന്നിലെന്നു ബോദ്ധ്യമായതോടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഇനി ഈ നേതാവ് വേണ്ടെന്ന് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. അങ്ങനെയാണ് ദിഗ്‌‌വിജയ് സിംഗ്, കമൽനാഥ്, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുടെ പേരുകൾ ഉയർന്നുവന്നത്.

മത്സരിക്കാൻ താനില്ലെന്ന് ഇതിനിടെ കമൽനാഥ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. ശശി തരൂർ മത്സരിക്കാൻ സന്നദ്ധനായി നേരത്തെതന്നെ രംഗത്തുവന്നിട്ടുണ്ടെങ്കിലും നേതൃത്വം അതു കണ്ടമട്ടില്ല. ഹൈക്കമാൻഡിനു പൂർണമായും വഴങ്ങുന്ന ആളെയാണ് ആവശ്യമെന്നതിനാൽ അത്തരമൊരു വ്യക്തിയാകും അദ്ധ്യക്ഷനാവുകയെന്നത് തീർച്ച. ഒരുപാട് ജനാധിപത്യം പറയുമെങ്കിലും പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയെ മുന്നോട്ടുനയിക്കുന്നത് നെഹ്‌റു കുടുംബമാണ്. പാർട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് അവർ നിശ്ചയിക്കുന്ന ആൾതന്നെ അവസാനം വരികയും ചെയ്യും. മൂന്നുവർഷം മുൻപ് അദ്ധ്യക്ഷപദവി വലിച്ചെറിഞ്ഞ രാഹുൽഗാന്ധി പാർട്ടിയെ പുറത്തുനിന്ന് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ്. അദ്ദേഹം വീണ്ടും അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഭൂരിപക്ഷം കോൺഗ്രസുകാരും ആഗ്രഹിക്കുന്നത്. പാർട്ടി ഇപ്പോൾ നേരിടുന്ന നേതൃത്വപ്രതിസന്ധിക്കും ഏറ്റവും ഉചിതമായ വഴി അതുതന്നെയാണ്. എന്നാൽ രാഹുൽഗാന്ധി പിടികൊടുക്കാതെ മാറിനിൽക്കുകയാണ്. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള അന്വേഷണം പാർട്ടിയെ വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടും പ്രശ്നപരിഹാരത്തിന് അദ്ദേഹം നേരിട്ടിറങ്ങാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

രാജസ്ഥാൻ കോൺഗ്രസിലുണ്ടായിരിക്കുന്ന കലാപനീക്കം ഗെലോട്ടിന്റെ തിരക്കഥയാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഒരുവർഷം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് രാജസ്ഥാൻ. രാജ്യത്ത് കോൺഗ്രസ് ഭരണം നടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണത്. അവിടെയും വിമത പ്രശ്നത്തിൽ പാർട്ടി അധികാരത്തിൽനിന്നു പുറത്തുപോകുമോ എന്ന സന്ദേഹം ഉയർന്നുകഴിഞ്ഞു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ പേരിൽ കാര്യങ്ങൾ ഇവ്വിധം വഷളാക്കിയതിൽ ഹൈക്കമാൻഡിന്റെ പങ്ക് ഒട്ടും ചെറുതല്ല. തക്കസമയത്ത് തീരുമാനമെടുക്കുന്നതിൽ വന്ന ഗുരുതരവീഴ്ചയാണ് പ്രതിസന്ധിക്കു കാരണം. പാർട്ടിക്ക് ശക്തനായ ഒരു അദ്ധ്യക്ഷനെ അനിവാര്യമായ ഘട്ടത്തിൽ അവസാന മണിക്കൂറിലും യോജിച്ച നേതാവിനെ തപ്പിനടക്കുന്ന കോൺഗ്രസ് സഹതാപമുണർത്തുന്ന കാഴ്ചയാണ്.

Advertisement
Advertisement