കൊരട്ടി സ്റ്റേഷനിലെ റൈറ്റർ അപമാനിച്ചെന്ന് : കോടതി കെട്ടിടത്തിലെ പൊലീസിന്റെ വിശ്രമമുറി പിടിച്ചെടുത്ത് അഭിഭാഷകർ

Tuesday 27 September 2022 10:01 PM IST

  • റൈറ്റർക്കെതിരെ മാനനഷ്ടക്കേസിനും നീക്കം

ചാലക്കുടി: കരുനാഗപ്പിള്ളിയിലെ പൊലീസ്-അഭിഭാഷക സംഘർഷാവസ്ഥ മാതൃകയിൽ കൊരട്ടി പൊലീസ് സ്റ്റേഷനിൽ

അഭിഭാഷക- പൊലീസ് നിഴൽയുദ്ധം. സ്‌റ്റേഷൻ റൈറ്റർ, ചാലക്കുടി ബാർ അസോസിയേഷൻ സെക്രട്ടറിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ആരോപിച്ച് പ്രതിഷേധ സൂചകമായി ചാലക്കുടി കോടതി കെട്ടിടത്തിലെ പൊലീസിന്റെ വിശ്രമമുറി അഭിഭാഷകരേറ്റെടുത്തു.
ഇതോടെ കോടതി ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് ഇരിപ്പിടമില്ലാതായി. പൊലീസുകാരനെതിരെ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി, ആഭ്യന്തര വകുപ്പ് എന്നിവയ്ക്ക് പരാതി നൽകാനും ബാർ അസോസിയേഷൻ തീരുമാനിച്ചു. മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാനും നീക്കമുണ്ട്. മൂന്ന് മാസം മുമ്പ് മരണമടഞ്ഞ ചാലക്കുടി ബാറിലെ അഭിഭാഷകനായിരുന്ന അഡ്വ.ഷിബു പുതുശേരിയുടെ കാർ കൊരട്ടിയിലെ സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്നു. അഭിഭാഷകന്റെ ഭാര്യയും മകളും മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അന്യായത്തിൽ പ്രസ്തുത കാർ പിടിച്ചെടുക്കണമെന്നും പരാതിക്കാർക്ക് നൽകണമെന്നും ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം കാർ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. കാർ ഏറ്റെടുക്കാനെത്തിയ വാദികളുടെ മുന്നിൽവച്ച് റൈറ്റർ രൂക്ഷമായ ഭാഷയിൽ അവഹേളിച്ചെന്നാണ് ആക്ഷേപം.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിനെതിരെ തുടർ നടപടികൾക്ക് മൂന്നംഗ അഭിഭാഷക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.ഡി.ഷാജു അറിയിച്ചു. പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ നഗരസഭയുടെ ലൈബ്രറി കെട്ടിടത്തിലാണ് താത്കാലികമായി മജിസ്‌ട്രേറ്റ് കോടതി പ്രവർത്തിക്കുന്നത്. സ്ഥല സൗകര്യമില്ലാത്തതിനാൽ എ.പി.പിക്കും ഇവിടെയല്ല, മുറി അനുവദിച്ചിരിക്കുന്നത്. മിനി സിവിൽ സ്റ്റേഷനിൽ താത്കാലികമായി നൽകിയ എ.പി.പിയുടെ മുറിയാണ് പൊലീസുകാരും ഉപയോഗിക്കേണ്ടതെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മാനുഷിക പരിഗണന വച്ച് അസോസിയേഷന് അനുവദിച്ച മുറി പൊലീസുകാർക്ക് നൽകുകയായിരുന്നുവെന്നും ഭാരവാഹികൾ

വിശദീകരിക്കുന്നു.

Advertisement
Advertisement