 അങ്കിതയുടെ കൊലപാതകം: പുൽകിതിന്റെ റിസോർട്ടിൽ അനാശാസ്യം പതിവെന്ന് പരാതി

Wednesday 28 September 2022 10:11 PM IST

ഋഷികേശ്: റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകത്തെ തുടർന്ന് സർക്കാർ പൊളിച്ച പുൽകിത് ആര്യയുടെ ഉത്തരാഖണ്ഡിലെ അനധികൃത റിസോർട്ടിൽ മയക്കുമരുന്ന് ദുരുപയോഗവും അനാശാസ്യവും പതിവായിരുന്നുവെന്ന് മുൻ ജീവനക്കാരുടെ ആരോപണം. റിസോർട്ട് മാനേജ്‌മെന്റ് അതിഥികൾക്ക് മദ്യവും കഞ്ചാവും മയക്കുമരുന്നുകളും കൂടാതെ പെൺകുട്ടികളെ എത്തിച്ചു നൽകിയെന്നും രണ്ട് മാസം മുമ്പ് വരെ ഇവിടെ റിസപ്ഷനിസ്റ്റായിരുന്ന റിഷിത ആരോപിച്ചു. ആഗസ്റ്റിൽ അങ്കിത ഇവിടെ ചേരുന്നതിന് മുമ്പാണ് റിഷിത രാജിവച്ചത്. അനധികൃത പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാൽ തന്നെ റിസോർട്ട് ഉടമ അധിക്ഷേപിച്ചെന്നും അശ്ലീലം പറഞ്ഞെന്നും അവർ ആരോപിച്ചു. റിഷിതയുടെ ഭർത്താവ് വിവേക് ​​ഇവിടെ ഹൗസ് കീപ്പറായിരുന്നു. തെറ്റായ പ്രവർത്തനങ്ങളെ എതിർത്ത തന്നെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചെന്നും ബ്ലാക്ക് മെയിൽ ചെയ്തെന്നും വിവേക് ​​പറഞ്ഞു.

അതേസമയം അതിഥികൾക്ക് വഴങ്ങാത്തതിനെ തുടർന്ന് പുൽകിതും റിസോർട്ടിലെ രണ്ട് ജീവനക്കാരും ചേർന്ന് അങ്കിതയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സൂചന.