13കാരിയെ പീഡിപ്പിച്ച കേസ് എട്ട് പേർക്ക് ജീവപര്യന്തം, 13 പേർക്ക് 20 വർഷം തടവ്

Wednesday 28 September 2022 12:39 AM IST

ന്യൂഡൽഹി: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വേശ്യാവൃത്തിയിലേക്കെത്തിച്ച കേസിൽ ഏഴ് സ്ത്രീകളടക്കം എട്ട് പേരെ ജീവപര്യന്തത്തിനും മുൻ പൊലീസ് ഇൻസ്പെക്ടറും ബി.ജെ.പി പ്രാദേശിക നേതാവും ഉൾപ്പെടെ 13 പേരെ 20 വർഷം തടവിനും ചെന്നൈയിലെ പോക്സോ കോടതി ശിക്ഷിച്ചു. വണ്ണാരപ്പേട്ട് സ്വദേശിയായ 13കാരിയെ രണ്ട് വർഷം മുമ്പ് പീഡിപ്പിച്ച കേസിൽ 26 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികൾ ഒളിവിലാണ്. പ്രതികളിൽ ഒരാൾ മരിച്ചു. ബാക്കി 21 പേരെയാണ് കോടതി ശിക്ഷിച്ചത്. എന്നൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന സി. പുകഴേന്തി, ബി.ജെ.പി പ്രാദേശിക നേതാവ് രാജേന്ദ്രൻ, മാദ്ധ്യമ പ്രവർത്തകനായ വിനോബാജി തുടങ്ങിയ 13 പേർക്കാണ് 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്. അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പ്രതികളിൽ നിന്ന് 7,01,000 രൂപ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. പുകഴേന്തിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.