റേഷൻ കടകളിൽ അരിയില്ല, പൊതുവിപണിയിൽ തീവില

Wednesday 28 September 2022 12:19 AM IST

ആട്ടയും ഗോതമ്പും ആവശ്യത്തിനില്ല

ആലപ്പുഴ : കൊവിഡ് കാലത്ത് നടപ്പാക്കിയ പ്രധാനന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി നിറുത്തലാക്കുന്നതിന്റെ ഭാഗമായി റേഷൻ കടകളിൽ അരി, ഗോതമ്പ്, ആട്ട എന്നിവയ്ക്കുണ്ടായ ക്ഷാമം പരിഹരിക്കപ്പെടാത്തതിനെത്തുടർന്ന് പൊതുവിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയരുന്നു. പുഴക്കലരിക്കാണ് ക്ഷാമമേറെ. കുത്തരിയുടെ ലഭ്യതയും കുറഞ്ഞു. ഗോതമ്പും ആട്ടയും കിട്ടാനില്ല. റേഷൻ കടകൾക്ക് ആവശ്യമുള്ള അരിയുടെ 65 ശതമാനവും ഗോതമ്പ്, ആട്ട എന്നിവയുടെ 70ശതമാനവും മാത്രമാണ് ഈ മാസം വിതരണത്തിന് അനുവദിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഗോഡൗണുകളിൽ കുത്തരിയുടെയും പുഴുക്കലരിയുടെയും ഗോതമ്പിന്റെയും ആട്ടയുടെയും സ്റ്റോക്ക് കുറവാണ്.

പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ റേഷൻ വിഹിത വിതരണം ഈ മാസം മുപ്പതിന് അവസാനിക്കും. സാധാരണ റേഷൻ വിഹിതത്തിനു പുറമേ മഞ്ഞ, പിങ്ക് കാർഡുകളിലെ ഓരോ അംഗത്തിനും അഞ്ചുകിലോ അരിവീതം സൗജന്യമായി നൽകുന്നതായിരുന്നു പദ്ധതി. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള അരി സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള് മറ്റ് ജില്ലകളിലെ ഗോഡൗണുകളിൽ സ്റ്റോക്ക് ഇല്ല. കുറഞ്ഞ വിലയ്ക്ക് കാർഡ് ഉടമകൾക്കു നൽകാനുള്ള അരി മാത്രമാണ് ഇപ്പോൾ റേഷൻ കടകളിലും ഗോഡൗണുകളിലുമുള്ളത്.

അരി വകമാറ്റാനുള്ള ഉത്തരവ് വിവാദത്തിൽ

പി.എം.ജി.കെ.എ.വൈ പദ്ധതി നിർത്തലാക്കുമ്പോൾ ഉണ്ടാകുന്ന കുറവ് പരിഹരിക്കാൻ, ഭക്ഷ്യധാന്യങ്ങൾ വക മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വിവാദത്തിലായി. പിങ്ക് കാർഡുടമകൾക്ക് നല്കാനുള്ള അരിവിഹിതം തികയാതെ വന്നാൽ മഞ്ഞ കാർഡുകാരുടെ വിഹിതത്തിൽ നിന്നും, മഞ്ഞ കാർഡുകാർക്ക് തികയാതെ വന്നാൽ പിങ്ക് കാർഡുകാരിൽ നിന്നും വകമാറ്റാനാണ് ഉത്തരവിൽ പറയുന്നത്. രണ്ടുവിഭാഗങ്ങൾക്കും നൽകാനുള്ള അരിവിഹിതം പൂർണമായും എത്തിക്കാതെ എങ്ങനെ പരസ്പരം വകമാറ്റുമെന്നാണ് റേഷൻ വ്യാപാരികൾ ചോദിക്കുന്നത്. നിലവിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് കമ്മിഷണർക്ക് കത്തയച്ചതിനു പിന്നാലെയാണ് അരി ക്ഷാമം പരിഹരിക്കാനെന്ന പേരിൽ വിചിത്രമായ ഉത്തരവിറക്കിയത്.

60

പി.എം.ജി.കെ.എ.വൈ പദ്ധതിയിൽ ഈ മാസത്തെ വിതരണത്തിന് അറുപതു ശതമാനത്തിൽ താഴെ അരി മാത്രമാണ് റേഷൻ കടകൾക്ക് ഈ മാസം ലഭിച്ചിട്ടുള്ളത്.

120

പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തുമ്പോൾ ജില്ലയിൽ കുറവ് വരുന്നത് പ്രതിമാസം 120 ടൺ അരി

പൊതുവിപണിയിൽ അരി വില : 54രൂപ

ആട്ടയുടെ വില (കിലോഗ്രാമിന് രൂപയിൽ)

എ.എ.വൈ കാർഡ് : 6

മുൻഗണന കാർഡ്: 8

പൊതുവിപണി : 52

സെപ്തംബർ മാസത്തെ വിതരണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ റേഷൻ ഡിപ്പോകൾക്ക് നൽകുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം . കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യം ലഭിക്കാത്തതിന് ഉത്തരവാദി റേഷൻ വ്യാപാരികളല്ല.

- എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി,

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ

Advertisement
Advertisement