ആം ആദ്മിയ്ക്ക് വിനയായി ഡൽഹി മദ്യനയത്തിലെ ക്രമക്കേട്, മലയാളിയായ വിജയ് നായരെ സി ബി ഐ അറസ്റ്റ് ചെയ്തു

Tuesday 27 September 2022 11:43 PM IST

ന്യൂഡൽഹി: ഡൽഹി മദ്യ അഴിമതിക്കേസിൽ മലയാളിയും ബിസിനസ്സുകാരനുമായ വി‌‌ജയ് നായരെ സി ബി ഐ അറസ്റ്റ് ചെയ്തു. വിവാദ മദ്യനയത്തിലെ ക്രമക്കേടുകളുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് എന്റർടെയ്ൻമെന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഓണ്‍ലി മച്ച് ലൗഡറിന്റെ മുന്‍ സി.ഇ.ഒ ആയ വിജയ് നായരെ സി ബി ഐ അറസ്റ്റ് ചെയ്തത്. മദ്യ അഴിമതിക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിജയ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാന്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2021- 22 കാലയളവിലെ ഡൽഹി മദ്യനയത്തിലെ ക്രമക്കേടുകൾ പരിശോധിക്കാൻ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സി ബി ഐ അന്വേഷണം നിർദേശിച്ചതിന് പിന്നാലെ സിസോദിയ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.