സംസ്ഥാനത്തെ 380 പേരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു, ഹിറ്റ്‌ലിസ്റ്റിൽ പ്രമുഖരും പൊലീസുകാരും; ലാപ്‌ടോപ്പിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Wednesday 28 September 2022 11:38 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 380 പേരെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. ഹിറ്റ്‌ലിസ്റ്റിൽ പ്രമുഖരും പൊലീസുകാരും ഉണ്ടെന്നാണ് വിവരം. ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ലാപ്‌ടോപ്പിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

കൊലക്കേസിൽ പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദിഖിനെയും പോപ്പുലർ ഫ്രണ്ട് തിരൂർ മേഖല നേതാവ് സിറാജുദ്ദീനെയും കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് വിവരം.

അബൂബക്കർ സിദ്ദിഖിന്റെ ലാപ്‌ടോപ്പിൽ നിന്ന് സി ഐയും സിവിൽ പൊലീസ് ഓഫീസറും അടക്കം 380 പേരുടെ ചിത്രങ്ങളാണ് കണ്ടെത്തിയത്. സിറാജുദ്ദീനിൽ നിന്ന് 378 പേരുടെ ഒരു പട്ടികയും കണ്ടെത്തിയിരുന്നു. എൻ ഐ എ റെയ്ഡ് നടത്തുന്നതിന് മുമ്പ് തന്നെ പൊലീസ് ഈ വിവരം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നു.