പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഉടൻ സീൽ ചെയ്യും, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; പൊലീസിന് നിർദേശം നൽകി കേന്ദ്ര സർക്കാ‌ർ

Wednesday 28 September 2022 12:12 PM IST

ന്യൂഡൽഹി: പോപ്പുലർ പ്രവർത്തകരെയും പിന്തുണയ്ക്കുന്നവരെയും നിരീക്ഷിക്കണമെന്നും നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും നിർദേശമുണ്ട്. കേന്ദ്ര നിർദേശത്തെ തുടർന്ന് കേരളത്തിൽ ഇന്ന് രാവിലെ സംസ്ഥാന ഇന്റലിജൻസ് എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പിഎഫ്ഐയിലും അനുബന്ധ സംഘടനകളിലും പ്രവർത്തിച്ചവരെ നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഇതിന്റെ ചുമതല. ഓഫീസുകൾ സീൽ ചെയ്യാനെത്തുമ്പോൾ ഏതെങ്കിലും രീതിയിലുള്ള സംഘർഷം ഉണ്ടാവുകയാണെങ്കിൽ അത് തടയാനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശമുണ്ട്.

അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് ഡൽഹി ഷഹീൻബാഗിൽ സംഘർഷം നടക്കുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ പിഎഫ്ഐ നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നാണ് എസ്ഡിപിഐയുടെ പ്രതികരണം. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മേലുള്ള തിരിച്ചടിയാണ് നിരോധനമെന്നും ഭരണകൂടം സംഘടനാ സ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്നും എസ്ഡിപിഐ കൂട്ടിച്ചേർത്തു. ഇതിനിടെ എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാഷ്ട്രീയ പാർട്ടി ആയതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്രസർക്കാർ നിലപാട് തേടിയതായാണ് റിപ്പോർട്ട്.