പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടിത്തുടങ്ങി; സംസ്ഥാനത്ത് വൻ സുരക്ഷ, ആർ എസ് എസ് നേതാക്കളുടെ സുരക്ഷയ്ക്കായി സി ആർ പി എഫ്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ പൊലീസിനെ കൂടുതലായി വിന്യസിച്ചു. കേരളം കൂടാതെ കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏർപ്പെടുത്തി.
തുടർ നടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കേരളത്തിലും പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആലുവയിൽ ആർഎസ്എസ് കാര്യാലയത്തിനും നേതാക്കൾക്കും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചു.
പിഎഫ്‌ഐക്കെതിരെ നടത്തിയ റെയ്ഡില്‍ അവര്‍ ചില ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.