ഇന്നുള്ള ഒരു ഇലക്ട്രിക് ബൈക്കിനും ഇല്ലാത്ത പ്രത്യേകത ഇതിനുണ്ട്, ഒരിക്കൽ ഇന്ത്യൻ ഇരുചക്ര വിപണി ഭരിച്ച എൽ എം എൽ തിരിച്ചുവരുന്നത് കൂടുതൽ സ്മാർട്ടായി   

Wednesday 28 September 2022 4:21 PM IST

ഒരു കാലത്ത് ഇരുചക്രവാഹന പ്രേമികൾ നെഞ്ചേറ്റിയ എൽഎംഎൽ അതുപോലൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇലക്ട്രിക് ഇരുചക്ര വാഹനവുമായാണ് എൽഎംഎൽ വരുന്നത്. ഒക്ടോബർ 29ന് കമ്പനി പുതിയ ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൽഎംഎൽ അവതരിപ്പിക്കുന്നതെന്ന് കരുതുന്ന പുതിയ മോഡലിന്റെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. ഹൈപ്പർബൈക്ക്, സൈക്കിൾ, സ്‌കൂട്ടർ എന്നിവയുടെ ഹൈബ്രിഡ് രൂപത്തിലുള്ള ഇലക്ട്രിക് വാഹനമാണ് പുറത്ത് വന്നിട്ടുള്ളത്.

വിപണിയിൽ ഇപ്പോൾ ലഭ്യമായ മറ്റ് കമ്പനികളുടെ ഇലക്ട്രിക് ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ബൈക്കിന്റെ രൂപം ശരിക്കും വ്യത്യസ്തമാണ്. സൂപ്പർമോട്ടോ വിഭാഗത്തിൽ പെടുന്ന ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് നൽകിയിട്ടുളളത്. പരന്ന ബെഞ്ച് സീറ്റ്, കനം കുറഞ്ഞ മുൻവശത്തെ മഡ്ഗാർഡ്, ഫ്ളാറ്റ് എൽഇഡി ഹെഡ്‌ലൈറ്റ്, എലവേറ്റഡ് ഹാൻഡിൽബാർ എന്നിവയെല്ലാം ചിത്രത്തിൽ എടുത്തുകാണിക്കുന്നുണ്ട്. എന്നാൽ ഏറെ ശ്രദ്ധേയമായത് പെഡലുകളാണ്. ഒരു പക്ഷേ എൽഎംഎൽ പുറത്തിറക്കുന്നത് ഒരു എൻട്രി ലെവൽ ഇലക്ട്രിക് ബൈക്കാവാം. ഏതായാലും എൽഎംഎല്ലിന്റെ മനസിലെ ചിത്രം വ്യക്തമാവാൻ ഒക്ടോബർ 29 വരെ കാത്തിരിക്കേണ്ടി വരും.

Advertisement
Advertisement