തെങ്ങിനെ രക്ഷിക്കാനുറച്ച് കൃഷി വകുപ്പ്.

Thursday 29 September 2022 12:00 AM IST

കോട്ടയം. തെങ്ങിൻ തോപ്പുകളിലെ നഷ്ടപ്പെട്ട ജൈവാംശം വീണ്ടെടുത്ത് തേങ്ങ ഉത്പാ​ദനം വർദ്ധിപ്പിക്കാൻ പച്ചിലവളകൃഷിക്ക് ജില്ലാ കൃഷിവകുപ്പ് അവസരമൊരുക്കുന്നു. തെങ്ങിന് ഇടവിളയായി ശീമക്കൊന്ന, പയർ തുടങ്ങിയ പച്ചിലവളങ്ങളാണ് നൽകുക. നിലവിലെ തെങ്ങിൻ തോട്ടങ്ങളിലും പുതുതായി സ്ഥാപിച്ച തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ പരിപാലനമുറകൾ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം കേരരക്ഷാവാരം കാമ്പയിൻ ഒക്ടോബറിൽ നടപ്പാക്കുകയാണ്.

60കളിൽ സംസ്ഥാനവ്യാപകമായി നടത്തിയിരുന്ന ശീമക്കൊന്ന വാരാചരണത്തിന്റെ പുനരാവിഷ്കരണം എന്ന നിലയിലാണ് കാമ്പയിൻ. 50 ലക്ഷം ശീമക്കൊന്ന കമ്പുകൾ സംസ്ഥാനവ്യാപകമായി നട്ടുപിടിപ്പിക്കും. കമ്പ് ഒന്നിന് 2 രൂപ നിരക്കിൽ കർഷകന് നൽകിക്കൊണ്ട് ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അഗ്രോ സർവീസ് സെന്ററുകൾ, കർമസേന, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കും.
പയറുവർഗങ്ങൾ ഉൾപ്പെടെയുള്ള പച്ചിലവള ചെടികളുടെ വിത്തുകൾ തെങ്ങിൻ തടങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിന് തടം ഒന്നിന് 6.25 രൂപ സബ്സിഡിയും നൽകും. കേരഗ്രാമം, കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതി ഘടകങ്ങൾ സംയോജിപ്പിച്ചുകൊണ്ടായിരിക്കും കാമ്പയിൻ.

കാമ്പയിനിൽ ഇക്കാര്യങ്ങളിൽ.

തെങ്ങുകളുടെ മണ്ട വൃത്തിയാക്കൽ.

തെങ്ങിൻ തടങ്ങളിൽ പച്ചില വളപ്രയോഗം.

പച്ചിലവള ലഭ്യതയ്ക്കായി ശീമക്കൊന്ന നടീൽ.

കൊമ്പൻചെല്ലി, ചെമ്പൻചെല്ലി നിയന്ത്രണം.

കൃഷി വകുപ്പ് അധികൃതർ പറയുന്നു.

മാടപ്പള്ളിയിലെ 3 കൃഷിഭവനിലും വാഴൂരിലെ 4 കൃഷിഭവനുകളിലും കല്ലറയിലുമാണ് മുൻവർഷങ്ങളിൽ കേരഗ്രാമം നടപ്പാക്കിയത്. ഈ പഞ്ചായത്തുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

Advertisement
Advertisement