നാഡിയൊന്ന് പിടിക്കുകയേ വേണ്ടു, രോഗം ഡോ.വിഷ്ണു മോഹന്‍ പറയും.

Thursday 29 September 2022 12:00 AM IST

പാലാ. നാഡിയൊന്ന് പിടിക്കുകയേ വേണ്ടു, നിങ്ങൾക്ക് ഉണ്ടായിരുന്നതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ രോഗങ്ങളെക്കുറിച്ചെല്ലാം ഡോ.വിഷ്ണു മോഹന്‍ വിശദമായി പറയും.

പാരമ്പര്യ വഴിയിലൂടെ വന്ന് നാച്ചുറോപ്പതിയിലും യോഗിക് സയന്‍സിലും ബിരുദമെടുത്ത ഡോ.വിഷ്ണു മോഹന്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ താരമാണിപ്പോള്‍. ദിവസേന നൂറുകണക്കിന് ആളുകളാണ് ഇദ്ദേഹത്തെ തേടി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തുന്നത്.

നാഡിമിടിപ്പിലൂടെ രോഗങ്ങള്‍ കണ്ടെത്തി ഡോക്ടർ ചികിത്സ തുടങ്ങിയിട്ട് 15 വര്‍ഷമായി. കല്ലറയിലെ പ്രസിദ്ധമായ തൈപ്പറമ്പില്‍ മര്‍മ്മ ചികിത്സാ കുടുംബത്തിലെ ഇളമുറക്കാരനാണ് ഡോ.വിഷ്ണു. അമ്മാവന്‍ ശേഖരന്‍നായരില്‍ നിന്ന് മര്‍മ്മ ചികിത്സയും നാഡിമിടിപ്പ് പരിശോധിച്ചുള്ള രോഗചികിത്സയും സ്വായത്തമാക്കി. തുടർന്ന് വയനാട് കേളപ്പന്‍ വൈദ്യനില്‍ നിന്ന് കൂടുതല്‍ പരിശീലനം. മാര്‍ത്താണ്ഡത്തിനടുത്ത് കുലശേഖരം ശ്രീരാമകൃഷ്ണ മെഡിക്കല്‍ കോളേജില്‍ നിന്ന് നാച്ചുറോപ്പതിയില്‍ ബിരുദം നേടിയ ശേഷം പാരമ്പര്യ അറിവുകള്‍ കൂടി ഇഴചേര്‍ത്താണ് ഡോ.വിഷ്ണു മോഹന്റെ ചികിത്സ.

കല്ലറയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ എട്ട് മണി വരെ രോഗികളെ പരിശോധിച്ച ശേഷമാണ് ഇദ്ദേഹം മാര്‍ സ്ലീവാ മെഡിസിറ്റിയിൽ എത്തുന്നത്.

സ്‌കാനിംഗ്, രക്ത പരിശോധന, മറ്റ് ലാബ് പരിശോധനകള്‍ ഇവയൊന്നുമില്ലാതെ കേവലം നാഡിമിടിപ്പ് പരിശോധിച്ച് മാത്രമാണ് ഡോ.വിഷ്ണു മോഹന്‍ രോഗങ്ങള്‍ കണ്ടെത്തുന്നത്. ഇത് വേണമെങ്കില്‍ രോഗികള്‍ക്ക് പിന്നീട് മറ്റ് ശാസ്ത്രീയ പരിശോധനകളിലൂടെ മനസ്സിലാക്കാമെന്ന് ഡോ.വിഷ്ണു പറയുന്നു. സിദ്ധചികിത്സാ വിദഗ്ധയായ ഭാര്യ ഡോ.കൃഷ്ണപ്രിയയും മാര്‍ സ്ലീവാ മെഡിസിറ്റിയിലുണ്ട്. മകൻ: ശിവദര്‍ശൻ.

Advertisement
Advertisement