ചൈനീസ് പൗരന്മാർക്ക് പാകിസ്ഥാനിൽ രക്ഷയില്ല; കറാച്ചിയിലെ ക്ളിനികിൽ വെടിവയ്‌പ്പിൽ ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

Wednesday 28 September 2022 8:13 PM IST

കറാച്ചി: പാകിസ്ഥാനിൽ ചൈനീസ് പൗരന്മാർക്ക് നേരെയുള‌ള ആക്രമണങ്ങൾ വീണ്ടും. കറാച്ചിയിലെ ഒരു ദന്താശുപത്രിയിൽ നടന്ന വെടിവയ്‌പ്പിൽ ഒരാൾ മരിച്ചു,രണ്ടുപേർക്ക് പരിക്കേറ്റു. 32കാരനായ ഡോ. ഡൊണാൾഡ് റെയ്‌മണ്ട് ചൗ ആണ് വെടിയേറ്റ് മരിച്ചത്. റിച്ച്മണ്ട് ചൗ(45), മാർഗരറ്റ് ഹു(40) എന്നിവരാണ് പരിക്കേറ്റവർ. ചികിത്സയ്‌ക്കെത്തിയയാൾ എന്ന വ്യാജേന ക്ളിനിക്കിൽ എത്തിയയാൾ ഇവർക്ക് നേരെ വെടിവയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അടിവയറ്റിലാണ് പരിക്കേറ്റവർക്ക് വെടിയേറ്റത്. ഇരുവരുടെയും നില അതീവ ഗുരുതരമാണ്.

സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും അക്രമികളെ ഉടൻ അറസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിലുള‌ള പാകിസ്ഥാനിൽ ചൈനീസ് സഹായത്തോടെയാണ് വിവിധ മേഖലയിൽ അടിസ്ഥാന വികസന നടപടികൾ പുരോഗമിക്കുന്നത്. ഇതിനായി ചൈനീസ് പൗരന്മാരും രാജ്യത്തുണ്ട്. ഇവർക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ അരങ്ങേറുന്നുണ്ട്. കറാച്ചി സർവകലാശാലയിൽ ഏപ്രിൽ മാസത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. സർവകലാശാല കവാടത്തിൽ കാത്തുനിന്ന യുവതി ചാവേറായി പൊട്ടിത്തെറിച്ചാണ് അന്ന് ആക്രമണമുണ്ടായത്. സ‌ർവകലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്‌റ്റി‌റ്റ്യൂട്ടിലെ അദ്ധ്യാപകരും ഇവരുടെ സുരക്ഷാ ചുമതലയ്‌ക്കുണ്ടായിരുന്നയാളുമാണ് അന്ന് മരണമടഞ്ഞത്.