സൂര്യപ്രകാശമാണ് ‌ നല്ല അണുനാശിനി

Thursday 29 September 2022 12:00 AM IST

സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി വാദം കേൾക്കൽ തത്സമയം സംപ്രേഷണം ചെയ്തതോടെ ഇന്ത്യയിലെ കോടതി നടപടികൾ പുതിയ ഒരു യുഗത്തിലേക്കാണ് കടന്നിരിക്കുന്നത്. കാലക്രമേണ എല്ലാ ഹൈക്കോടതികളിലെയും വാദം കേൾക്കലും മറ്റ് നടപടികളും പൊതുജനങ്ങൾക്ക് തത്സമയം കാണാനാവുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. സുതാര്യത എന്നത് വാക്കിൽ മാത്രം ഒതുങ്ങാതെ പ്രവൃത്തിയിലേക്കും കടക്കുന്നതിന് സുപ്രീംകോടതിയുടെ തത്സമയ സംപ്രേഷണം വഴിയൊരുക്കിയിരിക്കുകയാണ്.

ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലെ സാമ്പത്തിക സംവരണം സംബന്ധിച്ച കേസ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിലെ മഹാരാഷ്ട്രാ നിയമസഭയിലെയും ശിവസേനയിലെയും അധികാരത്തർക്കം സംബന്ധിച്ച കേസ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലെ ബാർ കൗൺസിൽ പരീക്ഷാ കേസ് എന്നിവയാണ് തത്സമയം സംപ്രേഷണം ചെയ്തത്. എൻ.ഐ.സി വെബ്‌കാസ്റ്റ് എന്ന യൂട്യൂബിലൂടെ 27ന് രാവിലെ 10.30ന് തത്സമയം സംപ്രേഷണം ചെയ്ത വാദംകേൾക്കലുകൾ ഉച്ചയ്ക്ക് ഒരു മണിക്കകം തന്നെ ഏഴ് ലക്ഷത്തിലധികം പേരാണ് വീക്ഷിച്ചത്. അറിയാനുള്ള ആഗ്രഹം ജനങ്ങൾ എത്രത്തോളം പുലർത്തുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഇത്രയധികം പേർ ഇത് വീക്ഷിച്ചതിൽനിന്ന് മനസിലാക്കേണ്ടത്. ടെക്നോളജിയുടെ സഹായത്തോടെ കോടതി നടപടികൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ കൊവിഡ് കാലത്തിന് മുൻപ് തന്നെ തുടങ്ങിയെങ്കിലും അത് മെല്ലെപ്പോക്കിലായിരുന്നു. അഭിഭാഷക സമൂഹത്തിലെ മുതിർന്നവരും പൊതുവെ ടെക്നോളജിയുടെ വരവിനെ വിമുഖതയോടെയാണു കണ്ടത്. എന്നാൽ കൊവിഡിന്റെ വരവ് എല്ലാം മാറ്റിമറിച്ചു. വക്കീലിന് കോടതിയിൽ എത്താതെ പോലും കേസ് വാദിക്കാമെന്നും പ്രതികളെ നേരിട്ട് ഹാജരാക്കാതെ മജിസ്ട്രേട്ടിന് നടപടികൾ കൈക്കൊള്ളാനും മറ്റും ടെക്നോളജി വഴിയൊരുക്കി. സാധാരണഗതിയിൽ ഇഴഞ്ഞു നീങ്ങുന്ന കോടതി നടപടികൾ ത്വരിതഗതിയിലാക്കാൻ ടെക്നോളജിക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് തെളിയിക്കാൻ കൂടി കൊവിഡ് കാലം ഉപകരിച്ചു. എന്നാൽ സുപ്രീംകോടതിയുടെ നടപടികൾ തത്സസമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത് കൊവിഡ് കാലത്തിനും വളരെ മുന്നേയാണ്.

മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് തത്സമയ സംപ്രേഷണം എന്ന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ ആദ്യമായി സമീപിച്ചത്. അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര 'സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി" എന്ന ആമുഖ പ്രസ്താവനയോടെ തത്സമയ സംപ്രേഷണം അനുവദി​ക്കാനുള്ള ചരി​ത്ര പ്രധാന ഉത്തരവി​ൽ 2017 സെപ്തംബർ 28ന് ഒപ്പിടുകയായിരുന്നു. നാല് വർഷത്തിന് ശേഷമാണ് സുപ്രീംകോടതി കമ്മിറ്റികൾ ചർച്ച നടത്തി ഈ മാസം 27 മുതൽ ലൈവ് സ്ട്രീമിംഗിന് തുടക്കമിട്ടത്. സുപ്രീംകോടതിയുടെ തത്സമയ സംപ്രഷണത്തിന് ഉടൻ പ്രത്യേക സം വിധാനം ഏർപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. ഇതൊരു മാതൃകയാക്കി കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും രാജ്യസുരക്ഷയെ ബാധിക്കുന്നവ ഒഴികെയുള്ള തീരുമാനങ്ങൾ ഉന്നതാധികാര യോഗങ്ങളുടെ നടപടികൾ എന്നിവ തത്സമയം ജനങ്ങളെ കാണിക്കാവുന്നതാണ്. മാറിയ കാലത്ത് ഇതുപോലുള്ള പുതിയ നടപടികൾ ജനാധിപത്യത്തിന്റെ കെട്ടുറപ്പ് ശക്തമാക്കാൻ ആവശ്യമാണ്.