തണുപ്പിന്റെ ലോകം അനുഭവിച്ച് തന്നെ അറിയണം , തണുത്തുറഞ്ഞ നഗരങ്ങളുടെ വിശേഷങ്ങൾ ഇവയാണ്

Wednesday 28 September 2022 9:57 PM IST

സൂര്യന്റെ വെളിച്ചം കണ്ണിൽ തട്ടിയാകും എന്നും രാവിലെ നമ്മൾ ഉറക്കമുണരുന്നത്. എന്നാൽ സൂര്യനെ ചില സമയങ്ങളിൽ കാണാൻ കിട്ടാത്ത നഗരങ്ങളും ലോകത്തുണ്ട്. കാലാവസ്ഥയുടെ കാര്യത്തിൽ പോലും ലോക രാജ്യങ്ങൾ തമ്മിൽ നിരവധി വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. ചിലയിടങ്ങളിൽ മഴയും വെയിലുമാണെങ്കിൽ ചിലയിടങ്ങളിൽ കടുത്ത ചൂടും മരം കോച്ചുന്ന തണുപ്പും ആയിരിക്കും. ഇത്തരത്തിൽ തണുത്തുറഞ്ഞ് നിൽക്കുന്ന ചില നഗരങ്ങളെക്കുറിച്ചറിയാം.

വിന്നിപെഗ്

കാനഡയിലെ മാനിറ്റോബ പ്രവിശ്യയുടെ തലസ്ഥാനവും ആറാമത്തെ ഏറ്റവും വലിയ നഗരവും എട്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശവുമാണ് വിന്നിപെഗ്. ഇവിടെ ഏകദേശം 715,000 ആളുകളാണ് താമസിക്കുന്നത്. വടക്കേ അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ ഏറ്റവും തണുപ്പുള്ള നഗരമാണിത്. ഇവിടെ ജനുവരിയിൽ കുറഞ്ഞ താപനില - 5 മുതൽ 9F വരെയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

യെല്ലോനൈഫ്

ഏറ്റവും തണുത്ത കനേഡിയൻ നഗരമെന്നറിയപ്പെടുന്ന യെല്ലോനൈഫ് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ഏക നഗരമാണ്. കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ തലസ്ഥാനമായ യെല്ലോനൈഫ് ആർട്ടിക് സർക്കിളിൽ നിന്ന് 320 മൈൽ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇരുപതിനായിരത്തിലധികം ആളുകളാണ് ഈ നഗരത്തിൽ താമസിക്കുന്നത്. ജനുവരി മാസത്തിൽ സാധാരണ താപനില -26 F (-32C) വരെ എത്താറുണ്ട്. സാധാരണ ഉയർന്ന താപനിലയും മുകളിലേക്ക് പോകാറില്ല - 7 F .

ഉലാൻബാറ്റർ

മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാറ്റർ ലോകത്തിലെ ഏറ്റവും തണുപ്പേറിയ തലസ്ഥാന നഗരങ്ങളിൽ ഒന്നാണ്. മംഗോളിയയുടെ വടക്ക് മധ്യഭാഗത്തായി ഏകദേശം 1,300 മീറ്റർ ഉയരത്തിൽ തുൾ നദിയിലെ ഒരു താഴ്വരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1639-ൽ നാടോടികളായ ബുദ്ധ സന്യാസ കേന്ദ്രമായാണ് ഈ നഗരം സ്ഥാപിതമായത്, ഏകദേശം 1 ദശലക്ഷം താമസക്കാരുള്ള ഈ പട്ടണത്തിൽ ഓരോ വർഷവും ശൈത്യകാലത്ത് അതികഠിനമായ തണുപ്പാണ് അനുഭവപ്പെടാറുള്ളത്. ജനുവരിയിലെ ശരാശരി താപനില മൈനസ് 12 ഡിഗ്രി F ആണ്, ഇത് 15 ൽ താഴെയും ആകാറുണ്ട്.

എർസുരം

പർവതങ്ങളാൽ ചുറ്റപ്പെട്ട കിഴക്കൻ തുർക്കിയിലാണ് എർസുരം സ്ഥിതി ചെയ്യുന്നത്, സമുദ്രനിരപ്പിൽ നിന്ന് 6,400 അടി ഉയരത്തിലാണിത്. ഉയർന്ന മലകളാൽ ചുറ്റപ്പെട്ട ഫലഭൂയിഷ്ഠമായ സമതലത്തിലാണിത്. സാധാരണയായി ശീതകാലം തണുത്തുറഞ്ഞ നിലയിലായിരിക്കും. ജനുവരിയിലെ ശരാശരി താപനില അപൂർവ്വമായി 20 ഡിഗ്രി F കവിയുകയും പലപ്പോഴും ഇതിലും താഴുകയും ചെയ്യാറുണ്ട്.

ഡുഡിങ്ക

റഷ്യയിലെ സൈബീരിയൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചെറു പട്ടണമാണ് ഡുഡിങ്ക. യെനിസെ നദിയുടെ തീരത്ത്, ആർട്ടിക് സർക്കിളിന് മുകളിലായാണിത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കഠിനമായ കാലാവസ്ഥയ്ക്ക് കുപ്രസിദ്ധിയാർജിച്ച വടക്കൻ നഗരം എന്നറിയപ്പെടുന്ന ഇടമാണ് ഡുഡിങ്ക . ഏകദേശം 20,000 ഓളം ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. ശരാശരി ജനുവരിയിലെ കുറഞ്ഞ താപനില മൈനസ് 28 ഡിഗ്രി ഫാരൻഹീറ്റ് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയർന്ന താപനില ശരാശരി- 12 Fവരെയാണ്.

Advertisement
Advertisement